കോഴിക്കോട്: പാറ്റകളെ വേട്ടയാടി കുഞ്ഞുങ്ങൾക്ക് ഭക്ഷണമാക്കുന്ന അംബുലിസിഡെ കുടുംബത്തിൽ വരുന്ന പുതിയ രണ്ടിനം കടന്നലുകളെ ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തി. ഡോളിക്യൂറസ് വർഗത്തിൽ പെട്ടതാണ് ഇവ രണ്ടും. പശ്ചിമഘട്ട പ്രദേശങ്ങളായ കൂനൂരിലും പേപ്പാറ വന്യജീവി സങ്കേതത്തിലുമായാണ് പുത്തൻ 'വേട്ട'ക്കാരെ തിരിച്ചറിഞ്ഞത്.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പശ്ചിമഘട്ട പ്രാദേശിക കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.പി.എം.സുരേഷൻ, ഡോ.പി.ഗിരീഷ് കുമാർ, ജൂനിയർ റിസർച്ച് ഫെലോ എസ്.അനഘ എന്നിവരുൾപ്പെട്ട സംഘത്തിന്റെ പഠനത്തിനിടയിലാണ് ഈ നേട്ടം. പുതിയ ഇനങ്ങൾ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ലബോറട്ടറി അസിസ്റ്റന്റ് സി.ചരേഷിന്റെയും (ഡോളിക്യൂറസ് ചരേഷി) പശ്ചിമഘട്ടത്തിന്റെ മറ്റൊരു പേരായ സഹ്യാദ്രിയുടെയും (ഡോളിക്യൂറസ് സഹ്യാദ്രിയന്സിസ്) പേരിലാണ് അറിയപ്പെടുക.
ഡോളിക്യൂറസ് ചരേഷിയെ പിന്നീട് രാജസ്ഥാനിലെ ആരവല്ലി പർവത നിരയിലും കണ്ടെത്താനായി. ശ്രീലങ്കയിൽ മാത്രമുള്ളതെന്ന് കരുതപ്പെട്ട ഡോളിക്യൂറസ് അരിടുലസ് എന്ന ഇനം കേരളത്തിലും തമിഴ്നാട്ടിലും കണ്ടെത്താനും പഠനത്തിലൂടെ കഴിഞ്ഞു. ഇതോടെ രാജ്യത്ത് ഡോളിക്യൂറസ് വർഗത്തിലുള്ള കടന്നലുകളുടെ എണ്ണം ഏഴായി. പ്രകൃതിയിൽ പാറ്റകളുടെ വംശവർദ്ധന നിയന്ത്രിക്കുന്നതിൽ ഇത്തരം കടന്നലുകൾ വഹിക്കുന്ന പങ്ക് നിർണായകമാണ്.
സംഘത്തിന്റെ ഗവേഷണഫലങ്ങൾ അന്താരാഷ്ട്ര ജേണലായ 'സൂടാക്സ'യുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.