ന്യൂഡൽഹി : കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാരുടെ സുരക്ഷ കേന്ദ്രവും സംസ്ഥാനങ്ങളും ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി. കൃത്യസമയത്ത് തന്നെ മുതിർന്ന പൗരന്മാർക്ക് വാർദ്ധക്യ പെൻഷൻ നൽകുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മുൻ രാജ്യസഭ എം.പിയും മുതിർന്ന അഭിഭാഷകനുമായ ഡോ അശ്വിനി കുമാറിന്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കൊവിഡ് മഹാമാരിയുടെ കാലത്ത് വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുടേയും ഓർഡേജ് ഹോമുകളിൽ താമസിക്കുന്നവരുടേയും സുരക്ഷ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണും ആർ. സുഭാഷ് റെഡിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. സഹായം ചോദിക്കുന്ന മാത്രയിൽ തന്നെ സമയബന്ധിതമായി ഇത് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ഇവർക്ക് അവശ്യസാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുതിർന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങളും വേണ്ട നടപടി സ്വീകരിക്കണം.