കൊച്ചി: മലയാളിയുടെ തീൻമേശയിൽ നിന്ന് ഇഷ്ടവിഭവമായ മത്തി മെല്ലെ മെല്ലെ അപ്രത്യക്ഷമാകുകയാണ്. വർഷങ്ങൾ പിന്നിടുന്തോറും കേരളത്തിൽ ലഭിക്കുന്ന മത്തി പകുതിയായി കുറയുകയാണ്. മത്തി പിടിക്കുന്നതിൽ കരുതൽ കാട്ടിയില്ലെങ്കിൽ മത്തിക്ഷാമം രൂക്ഷമാകുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) മുന്നറിയിപ്പ്.
# പ്രധാനവില്ലൻ എൽനിനോ
സമുദ്രജലം ചൂടുപിടിക്കുന്ന എൽനിനോയാണ് കേരളത്തീരത്തെ മത്തി ഉത്പാദനത്തെ ദോഷകരമായി ബാധിച്ചത്. മത്തിയുടെ അനുയോജ്യമായ അളവിലുള്ള പ്രജനനത്തിനും ശരിയായ രീതിയിൽ വളർച്ച പ്രാപിക്കുന്നതിനും ഇത് തടസമായി. ഇപ്പോഴത്തെ സമുദ്രകാലാവസ്ഥയും മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ല. അതുകൊണ്ട് ഈ വർഷവും മത്തി ഉത്പാദനത്തിൽ കാര്യമായ വർദ്ധനവുണ്ടാകാൻ സാദ്ധ്യതയില്ല. ചെറുമത്തി പിടിക്കുന്നത് ഒഴിവാക്കുന്നതിനോടൊപ്പം തന്നെ മുട്ടയിടാറായ തള്ളമീനുകളെയും പരമാവധി പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് സി.എം.എഫ്.ആർ.ഐ നിർദേശിക്കുന്നത്. നിയന്ത്രണങ്ങൾ പാലിച്ചാലേ വരും വർഷങ്ങളിൽ മത്തിയുടെ ഉത്പാദനം പൂർവസ്ഥിതിയിലാക്കാൻ കഴിയൂവെന്ന് ഉപരിതലമത്സ്യ ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
# മത്തി ലഭ്യതയിൽ വൻ കുറവ്
2017ൽ 1,26,988 ടൺ ഉണ്ടായിരുന്നത് തൊട്ടടുത്തവർഷം 77093 ആയി കുറഞ്ഞു. കഴിഞ്ഞവർഷം വെറും 44320 ടൺ മത്തിയാണ് കേരളത്തിലെ കടലിൽനിന്ന് കിട്ടിയത്. കേരളതീരത്ത് ഇപ്പോൾ മത്തി കാര്യമായി കാണപ്പെടുന്നില്ല. ലഭ്യമായവയിൽ തന്നെ മുട്ടമത്സ്യത്തിന്റെ അനുപാതം വളരെ കുറവാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കൻ തീരങ്ങളിൽ മുട്ടമത്സ്യങ്ങളുടെ ചെറിയ കൂട്ടങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രജനനത്തിനുള്ള സമയം നൽകാതെ ഇവയെ പിടിച്ചെടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള മുട്ടമത്സ്യങ്ങൾ ഇപ്പോൾ കൂടുതലായും തീരത്തോടടുത്ത ഭാഗങ്ങളിലാണ് കാണപ്പെടുന്നത്. അതിനാൽ, തീരപ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർ ഇവയെ പിടിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. അതേസമയം ട്രോളിംഗ് കാലം കഴിഞ്ഞു ലഭിക്കുന്ന മുട്ടയുള്ള മത്തിക്ക് ആവശ്യക്കാരേറെയാണെന്ന് കച്ചവടക്കാർ പറയുന്നു.
"നിലവിൽ മുട്ടമത്സ്യങ്ങളെ പിടിക്കുന്നതിന് നിയമതടസങ്ങളൊന്നുമില്ലെങ്കിലും മത്തി വൻതോതിൽ കുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രജനനത്തിന് പാകമായ മത്തി പിടിക്കാതിരിക്കുന്നതായിരിക്കും ഉചിതം. ഇപ്പോൾ ഇത്തരത്തിൽ ഉത്തരവാദിത്തപൂർണമായ മത്സ്യബന്ധനം നടത്തുന്നത് വരും വർഷങ്ങളിൽ മത്തിയുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായകരമാകും"
ഡോ.എ. ഗോപാലകൃഷ്ണൻ
സി.എം.എഫ്.ആർ.ഐ ഡയറക്ടർ