കൊച്ചി: പുതിയ വലകൾ നെയ്ത് അറ്റകുറ്റപണികൾ നടത്തി ബോട്ടുകളും തൊഴിലാളികളും റെഡി. പക്ഷെ കടലിൽ പോകാൻ ഇനിയും കാത്തിരിക്കണം. ഇത്തവണ വില്ലൻ കാലാവസ്ഥയാണ്. ബംഗ്ലാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.
ജൂലായ് 31 അർദ്ധരാത്രിയിൽ ട്രോളിംഗ് നിരോധനം അവസാനിച്ചെങ്കിലും ഹാർബറുകൾ തുറക്കാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ സാധിച്ചിരുന്നില്ല. നിയന്ത്രണങ്ങളോടെ ഇന്നലെ (ആഗസ്റ്റ് 4) അർദ്ധരാത്രി മുതൽ കടലിൽ പോകാൻ അനുമതി ലഭിച്ചെങ്കിലും കലാവസ്ഥ വ്യതിയാനം മൂലം അതും നീട്ടിവെച്ചു. ആഗസ്റ്റ് ഏഴിന് ബോട്ടുകൾക്ക് പോയി തുടങ്ങാം എന്നു പറയുന്നുണ്ടെങ്കിലും കാലാവസ്ഥ മോശമായതിനാൽ പ്രതീക്ഷ വെക്കുന്നില്ലന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
# ബോട്ടുകൾ വെറുതെ കിടക്കുന്നു
50 ശതമാനം ബോട്ടുകൾ മാത്രമെ കടലിൽ പോകുന്നുള്ളൂ. ഭൂരിഭാഗം ബോട്ടുകളിലും തൊഴിലാളികൾ കുളച്ചൽ സ്വദേശികൾ ആയതിനാൽ തൊഴിലാളികൾ ഇല്ലാത്തതുമൂലം ബോട്ടുകൾ വെറുതെ കിടക്കുകയാണ്. മത്സ്യ വില ഹാർബർ കമ്മിറ്റി നിശ്ചയിക്കുന്നതിനാൽ ലാഭം കുറവായിരിക്കുമെന്നാണ് പരാതി.
നിയന്ത്രണങ്ങൾ
1. കടലിൽ പോകുന്ന ബോട്ടുകളും തൊഴിലാളികളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം
2. ഹാർബറുകളിൽ എത്തുന്നവരെ തെർമ്മൽ സ്കാനിംഗിന് വിധേയരാകും
3. പുറപ്പെടുന്ന കേന്ദ്രങ്ങളിൽ തന്നെ ബോട്ടുകൾ അടുപ്പിക്കണം
4. ഹാർബറുകളിൽ ലേലമില്ല
5. രജിസ്ട്രേഷൻ നമ്പരിൻ്റെ അവസാനത്തെ ഒറ്റ- ഇരട്ട അക്കങ്ങളുടെ അടിസ്ഥാനത്തിലെ ബോട്ടുകളെ കടലിൽ പോകാൻ അനുവദിക്കു
6. മത്സ്യബന്ധനത്തിന് ശേഷം തിരിച്ച് കൂട്ടത്തോടെ ഹാർബറുകളിൽ എത്തരുത്
മറ്റു തൊഴിൽ മേഖലയെല്ലാം ദുരിത്തതിൽ ആയതിനാൽ നാട്ടുകാർ മത്സ്യബന്ധനത്തിനൊരുങ്ങുകയാണ്. പക്ഷെ ഒന്നിന് പുറമെ ഒന്നായി നിയന്ത്രണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
തെറോത്ത് ആൻ്റണി, മത്സ്യത്തൊഴിലാളി