പാക് പ്രകോപനം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികത്തിൽ
ശ്രീനഗർ: ഇന്ത്യയ്ക്കെതിരെ കൂടുതൽ പ്രകോപനം സൃഷ്ടിച്ച്, ജമ്മുകാശ്മീരിനെ പൂർണമായും പാകിസ്ഥാന്റെ ഭാഗമായി ഉൾപ്പെടുത്തിയ പുതിയ ഭൂപടം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ പുറത്തിറക്കി. ചൈനയുടെ അധീനതയിലുള്ള അക്സായി ചിൻ ഒഴികെയുള്ള കാശ്മീരിന്റെ എല്ലാ ഭാഗങ്ങളും (പാക് അധിനിവേശ കാശ്മീർ, ജമ്മുകാശ്മീർ, ലഡാക്ക്) എന്നിവയാണ് പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജമ്മുകാശ്മീരിന് പ്രത്യേകപദവികൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 ഇന്ത്യ, റദ്ദാക്കിയതിന് ഇന്ന് ഒരു വർഷം തികയുമ്പോഴാണ് പാകിസ്ഥാന്റെ പുതിയ പ്രകോപനം. 2019 ആഗസ്റ്റ് 5നാണ് ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയത്.
ചരിത്രദിനമാണിതെന്നും പാക് പൗരന്മാരുടെ ആഗ്രഹപൂർത്തീകരണമാണ് പുതിയ ഭൂപടമെന്നും ഇമ്രാൻഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പുതിയ ഭൂപടം കുട്ടികളുടെ സിലബസിൽ ഉൾപ്പെടുത്തുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും വ്യക്തമാക്കി.
ഇന്നലെ ചേർന്ന പാക് മന്ത്രിസഭയാണ് ഭൂപടത്തിന് അംഗീകാരം നൽകിയത്.പത്ത് വർഷത്തിന് ശേഷമാണ് പാക്കിസ്ഥാൻ പുതിയ ഭൂപടം പുറത്തിറക്കുന്നത്.
ഇനിമുതൽ, കാശ്മീരിനെ ഇന്ത്യ അധീനിവേശ കാശ്മീരെന്നല്ല, ഇന്ത്യൻ നിയമവിരുദ്ധ അധിനിവേശ ജമ്മുകാശ്മീർ (ഇന്ത്യൻ ഇല്ലീഗലി ഒക്കുപ്പൈഡ് ജമ്മു കാശ്മീർ) എന്നുവേണം ഉപയോഗിക്കാനെന്നും പാക് സർക്കാരിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
കൂടാതെ, ഇന്ന് കരിദിനം ആചരിക്കുമെന്നും ഒരുനിമിഷം മൗനമാചരിച്ചതിന് പിന്നാലെ, എല്ലാ ടെലിവിഷൻ, റേഡിയോ ചാനലുകളും പാകിസ്ഥാന്റെയും ജമ്മുകാശ്മീരിന്റെയും ദേശീയഗാനം കേൾപ്പിക്കണം, അവതാരകർ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞുവേണം ടിവിയിൽ പ്രത്യക്ഷപ്പെടാൻ, ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ബാൻഡുകൾ അണിയണം, കാശ്മീരിലെ ഇന്ത്യൻ ക്രൂരതകളോടുള്ള പ്രതിഷേധ സൂചകമായി ചാനൽ ലോഗോകൾ കറുത്തനിറത്തിൽ നൽകണം തുടങ്ങിയ നിർദേശങ്ങളും മാർഗരേഖയിലുണ്ട്. കാശ്മീരിൽ ഇന്ത്യ നടത്തിയ സൈനിക ഉപരോധത്തിന്റെ ഒന്നാംവാർഷികമെന്ന നിലയിലാകും പാകിസ്ഥാൻ ഈ ദിവസത്തെ അനുസ്മരിക്കുകയെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി,ലിപുലേഖ്, ലിംപിയാധുര എന്നിവ സ്വന്തം പ്രദേശങ്ങളായി ഉൾപ്പെടുത്തി ഭൂപടം പരിഷ്കരിച്ച് പാർലമെന്റിൽ അംഗീകരിച്ച് ഭരണഘടനയുടെ ഭാഗമാക്കി നേപ്പാൾ അടുത്തിടെ ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. അതിന് പിന്നാലെ ചൈന യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്ത് കടന്നു കയറിയതിനെ തുടർന്നുണ്ടായ സംഘർഷത്തിലും ഏറ്റുമുട്ടലിലും 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നേപ്പാൾ ചെയ്തതുപോലെ പാകിസ്ഥാനും പാർലമെന്റിലാണ് പുതിയ ഭൂപടം പാസാക്കിയത്. ചൈനയുടെ ബലത്തിലാണ് പാകിസ്ഥാന്റെ പുതിയ പ്രകോപനം. ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.