തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 43.5 (348.39ഗ്രാം)പവൻ വരുന്ന സ്വർണമാണ് ഇന്നലെ തമിഴ്നാട് സ്വദേശിയിൽ നിന്ന് പിടികൂടിയത്. തമിഴ്നാട് കൂഡല്ലൂർ പുളിയൻകുടി സ്വദേശി കലൈയ് അരശൻ എന്നയാളെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഇയാൾ ധരിച്ചിരുന്ന ജീൻസിന്റെ പ്രത്യേക അറയിൽ കറുത്ത പോളിത്തീൻ പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞ് കുഴമ്പ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിച്ചു കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ഇന്നലെ വൈകിട്ട് 4ന് ദുബായിൽ നിന്നെത്തിയ ഫ്ളൈ ദുബായി വിമാനത്തിൽ നിന്നാണ് പിടികൂടിയത്. ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന ഇയാൾ തിരുവനന്തപുരത്ത് ഇറങ്ങിയതിനെക്കുറിച്ച് അസി. കമ്മിഷണർ എസ്.ബി.അനിൽകുമാർ നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണം ഒളിപ്പിച്ച വിവരം പറഞ്ഞത്. തുടർന്ന് സ്വർണം ഇയാളിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.18.5 ലക്ഷം രൂപയാണ് പിടിച്ച സ്വർണണതിന്റെ ഏകദേശ വില. സൂപ്രണ്ടുമാരായ പി. കൃഷ്ണകുമാർ, കെ.റജീബ്, പ്രകാശ്, ടി. ശശികുമാർ, ഇൻസ്പെക്ടർമാരായ ഗോപി പ്രശാന്ത്, ശ്രീബാബു എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.