കൊല്ലം: ഒന്നരക്കിലോ കഞ്ചാവുമായി തിരുവനന്തപുരം മലയിൻകീഴ് അന്തിയൂർക്കോണം കുഴിവിള പുത്തൻവീട്ടിൽ സുഭാഷ് ചന്ദ്രബോസിനെ (37) കൊല്ലം എക്സൈസ് ഷാഡോ സംഘം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവുമായി തിരുവനന്തപുരത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നാസിമുദ്ദീനും സംഘവും പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാൾ. കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായത്. പിടികൂടിയ കഞ്ചാവിന് ഒന്നരലക്ഷത്തോളം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് ഷാഡോ സംഘം രൂപീകരിച്ചശേഷം കഴിഞ്ഞ ഒരുമാസത്തിനകം പിടികൂടുന്ന അഞ്ചാമത്തെ പ്രധാന കേസാണിത്. പ്രിവന്റീവ് ഓഫീസർ ഷിഹാബുദ്ദീൻ, അശ്വന്ത്, അനിൽ, വിഷ്ണു, ഷാജി, അരുൺ, നിതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു.