പയ്യന്നൂർ: കഴിഞ്ഞ തവണത്തെ 334-ാം റാങ്ക് ഇത്തവണ 99 ആക്കി മെച്ചപ്പെടുത്തി സിവിൽ സർവീസ് പരീക്ഷയിൽ പയ്യന്നൂർ കൊക്കാനിശ്ശേരി സ്വദേശി പി.പി.അർച്ചന തിളക്കമാർന്ന വിജയം സ്വന്തമാക്കി.
കഴിഞ്ഞ തവണ ലഭിച്ച റാങ്ക് പ്രകാരം പോസ്റ്റൽ സർവീസിൽ ഓഫിസറായി ജോലി നേടിയെങ്കിലും വീണ്ടും എഴുതി റാങ്ക് നില മെച്ചപ്പെടുത്തുകയായിരുന്നു. മത്സ്യഫെഡ് ഉദ്യോഗസ്ഥനായിരിക്കെ നിര്യാതനായ ഇ.ജീവരാജന്റെയും പിലാത്തറ യു.പി.സ്കൂളിൽ നിന്നും വിരമിച്ച പി.പി.ഗീതയുടെയും മകളാണ്. കില ഡയറക്ടറായിരുന്ന പ്രൊഫ. പി.പി. ബാലന്റെ സഹോദരീ പുത്രിയും സ്വാതന്ത്ര്യ സമര സേനാനി വി.പി. നാരായണ പൊതുവാളുടെ ചെറുമകളുമാണ്.
പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്ടു വരെ പഠിച്ച ശേഷം കണ്ണൂർ എൻജിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് ബിരുദം നേടി. ഐ.എ.എസ് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്തപക്ഷം ഐ.എഫ്.എസിനോടാണ് താത്പര്യമെന്നും അർച്ചന പറഞ്ഞു.