കാലാവസ്ഥാമുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനം പുനരാരംഭിക്കുന്നത് 7ലേക്ക് നീട്ടി
നീണ്ടകരയിലെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിൽ നിന്ന് സ്വയം പിന്മാറി
കൊല്ലം: ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വലയുമായി കടലിലേക്ക് കുതിക്കാനിരുന്ന മത്സ്യത്തൊഴിലാളികൾക്കും കറിച്ചട്ടിയിൽ മീൻകറി തിളയ്ക്കുന്നത് സ്വപ്നം കണ്ട ജനങ്ങൾക്കും വീണ്ടും നിരാശ. കാലാവസ്ഥാമുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനം പുനരാരംഭിക്കുന്നത് ഏഴിലേക്ക് നീട്ടി. ജില്ലയിൽ കൊല്ലം തീരത്തും ചെറിയ കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും മാത്രമാകും 7ന് മത്സ്യബന്ധനം ആരംഭിക്കുക. പഴയതുപോലെ ആരവങ്ങളും ഒച്ചപ്പാടുകളും ഉണ്ടാകില്ലെന്ന് മാത്രം. കൊവിഡിനെ പടിക്ക് പുറത്ത് നിറുത്താൻ മത്സ്യത്തൊഴിലാളികൾ തിരയിറങ്ങിയ കടലിനെപ്പോലെ ശാന്തത പാലിക്കും. കൊല്ലം തീരത്തെ അഞ്ച് ലാൻഡിംഗ് സെന്ററുകളിൽ നിന്ന് ഇരുന്നൂറോളം വള്ളങ്ങൾ ഏഴിന് വൈകിട്ട് കടലിലേക്ക് കുതിക്കും. കൊല്ലം തീരത്ത് ഏകദേശം എണ്ണൂറോളം വള്ളങ്ങളുണ്ട്. ഇതിൽ അറുനൂറോളം മാത്രമാണ് നേരത്തേ കടലിൽ പോയിരുന്നത്. ഇവയെ രണ്ടായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ കടലിൽ പോകാനനുവദിക്കും. ഏഴിന് പോകുന്ന വള്ളങ്ങൾക്ക് തൊട്ടടുത്ത ദിവസം വൈകിട്ട് നാല് വരെ മത്സ്യബന്ധനം നടത്താനാണ് അനുമതി. ബാക്കിയുള്ളവ 8ന് നാല് മണിക്ക് ശേഷം പോകും. ലോക്ക് ഡൗൺ കാലത്തും നിയന്ത്രണങ്ങളോടെ ആദ്യം മത്സ്യബന്ധനം ആരംഭിച്ചതും കൊല്ലം തീരത്താണ്. പിന്നെ ആഴ്ചകൾ കഴിഞ്ഞാണ് ശക്തികുളങ്ങരയിലും നീണ്ടകരയിലും അനുമതി നൽകിയത്. നേരത്തെ നിശ്ചയിച്ചത് പോലെ അഞ്ച് ലാൻഡിംഗ് സെന്ററുകളിൽ നിന്ന് പുറപ്പെടുന്ന വള്ളങ്ങൾ അതാതിടത്ത് തന്നെ അടുപ്പിക്കും. പുറത്ത് നിന്നുള്ളവരെ വള്ളങ്ങളിൽ പണിക്ക് പോകാൻ അനുവദിക്കില്ല. പുറത്ത് നിന്നുള്ള വള്ളങ്ങളെ തീരത്തും അടുപ്പിക്കില്ല.
കൊല്ലം തീരം: 5 ലാൻഡിംഗ് സെന്ററുകൾ
1. പള്ളിത്തോട്ടം
2. പോർട്ട് കൊല്ലം
3. മൂതാക്കര
4. വാടി
5. തങ്കശ്ശേരി
കൊല്ലം തീരത്തുള്ള വള്ളങ്ങൾ: 800
കടലിൽ പോയിക്കൊണ്ടിരുന്നത്: 600
7ന് കടലിലേക്ക് പോകുന്നത് : 200
നിറഞ്ഞ പ്രതീക്ഷ
ഒരുമാസത്തോളം കടൽ ശാന്തമായി കിടന്നതിനാൽ വല നിറയെ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. വളരെ കുറച്ച് വള്ളങ്ങൾ മാത്രം പോകുന്നതിനാൽ വിപണിയിൽ കാര്യമായി മത്സ്യമെത്താൻ സാദ്ധ്യതയില്ല. കൊല്ലം തീരത്തെ വള്ളങ്ങൾ ഉപയോഗിക്കുന്നത് നീട്ട് വല ആയതിനാൽ സമുദ്രോപരിതലത്തിലെ മത്സ്യം മാത്രമേ ലഭിക്കൂ.
അന്യസംസ്ഥാന തൊഴിലാളികൾ
എല്ലാ ഹാർബറുകളും കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളും ശക്തമായ നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ തുറക്കാനായിരുന്നു സർക്കാരിന്റെ അനുമതി. എന്നാൽ പണിക്കിറങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതിനാൽ ശക്തികുളങ്ങരയിലെ ബോട്ടുകൾ ഈമാസം 10 മുതൽ പോയാൽ മതിയെന്നാണ് തീരുമാനം. ഇന്നലെ രാത്രിയോടെ നീണ്ടകരയിലെ മത്സ്യത്തൊഴിലാളികളും സമാനമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നടക്കം വള്ളങ്ങളെത്താൻ സാദ്ധ്യതയുള്ളതിനാൽ നീണ്ടകരയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഈ മാസം പത്ത് മുതൽ മാത്രമേ കടലിൽ പോവുകയുള്ളൂ.