കൊല്ലം: കടവൂർ ജയൻ വധക്കേസിലെ വചാരണ കോടതിക്കെതിരെ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത ഇടപെടലാണ് തുടക്കം മുതൽ പ്രതിഭാഗം നടത്തിയത്. 2019 ജൂൺ 27ന് കൊല്ലം നാലാം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ച് ഏറെ വൈകാതെ പ്രതികൾ കോടതിക്കെതിരെ തിരിഞ്ഞു. തങ്ങളുടെ വാദങ്ങൾ വിചാരണക്കോടതി രേഖപ്പെടുത്തുന്നില്ലെന്ന ഹർജിയുമായി പ്രതികൾ രണ്ട് തവണയാണ് ഹൈക്കോടതി കയറിയത്. രണ്ട് തവണയും ഹൈക്കോടതി ഹർജികൾ തള്ളിയതോടെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി മൂന്നാമതും ഹൈക്കോടതിയെ സമീപിച്ചു. അതും ഹൈക്കോടി തള്ളിയതോടെയാണ് വിചാരണ പൂർത്തീകരിച്ച് വിധി പ്രഖ്യാപനത്തിലേക്ക് കോടതി കടന്നത്. 2020 ഫെബ്രുവരി ഒന്നിന് വിചാരണക്കോടതി ജഡ്ജി എസ്. കൃഷ്ണകുമാർ കൊല്ലത്തെ തന്റെ അവസാന പ്രവൃത്തി ദിനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്.
കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് നാലിനും ഏഴിനും കേസ് പരിഗണിച്ചിരുന്നെങ്കിലും പ്രതികൾ ഹാജരാകാതിരുന്നതിനെ തുടർന്ന് 14 ലേക്ക് മാറ്റുകയായിരുന്നു. 10ന് പുലർച്ചെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഒമ്പത് പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്.