കൊല്ലം: അഗ്നിപരീക്ഷകൾക്കിടയിലും പഠനാഗ്നി കെട്ടില്ല, പത്തനാപുരം ഫയർ സ്റ്റേഷനിലെ ഫയർമാനായ ആശിഷ്ദാസ് സിവിൽ സർവീസ് പരീക്ഷയിൽ നേടിയത് 291-ാം റാങ്ക്. കൊല്ലം മുഖത്തല ആശിഷ് ഭവനിൽ യേശുദാസ് - റോസമ്മ ദമ്പതികളുടെ മകനായ ആശിഷ് ഫയർഫോഴ്സിൽ നിന്ന് ഒന്നര വർഷത്തോളം അവധിയെടുത്താണ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്. എന്നാൽ കൃത്യമായ ടൈംടേബിളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആശിഷ് പറയുന്നു.
സിവിൽ സർവീസ് അക്കാഡമി, ബംഗളൂരുവിലെ കേരള സമാജം അക്കാഡമി എന്നിവിടങ്ങളിലായിരുന്നു കോച്ചിംഗ്.
മലയാളം ഓപ്ഷണൽ വിഷയമായിരുന്നതിനാൽ കോട്ടയം സ്വദേശിയായ ജോബിന്റെ ശിക്ഷണവും ഉപകരിച്ചു. മുൻകാല സിവിൽ സർവീസ് ജേതാക്കളുടെ പഠനവും പരിശീലനവും സംബന്ധിച്ച യൂട്യൂബ് വീഡിയോകളും കാണുമായിരുന്നു.
സൗദിയിൽ നഴ്സായ സൂര്യയാണ് ഭാര്യ. ഏഴ് മാസം പ്രായമുള്ള മകൾ അമേയ സൂര്യയ്ക്കൊപ്പം സൗദിയിലാണ്. കാഞ്ഞിരംകോട് സെന്റ് ആന്റണീസിൽ നിന്നാണ് പ്ളസ്ടു പാസായത്. പിന്നീട് ബംഗളൂരുവിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടി. 2012 ൽ പഠനത്തിനിടെ എഴുതിയ ഫയർമാൻ പരീക്ഷയിലാണ് വിജയിച്ച് ജോലി നേടിയത്.
ഐ.എ.എസ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഐ.പി.എസാണ് ലഭിക്കുന്നതെങ്കിൽ ഇംപ്രൂവ് ചെയ്യാനാണ് തീരുമാനം.
-ആശിഷ് ദാസ്