തൃശൂർ: സമ്പർക്ക പട്ടികയ്ക്ക് കടിഞ്ഞാണിടാൻ ഏർപ്പെടുത്തിയ കണ്ടെയ്മെന്റ് സോണുകളുടെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്ത് പൊലീസ്. പല സ്ഥലങ്ങളിലും രോഗം വ്യാപിക്കാൻ ഇടയാക്കിയത് നിയന്ത്രണത്തിൽ വന്ന അലംഭാവമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്നാണ് പൊലീസ് രംഗത്തെത്തിയത്.
ഇന്നലെ രാവിലെ മുതൽ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ ഉൾപ്പെട്ട സ്ഥലങ്ങളിലേക്ക് ആരെയും കടത്തി വിടുകയോ പുറത്തേക്ക് വിടുകയോ ചെയ്തില്ല. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട എല്ലാ വഴികളും പൊലീസ് അടച്ചുകെട്ടി. വാഹനങ്ങൾ ഒന്നും തന്നെ കടത്തി വിട്ടില്ല. അനാവശ്യമായി പുറത്തിറങ്ങിയ കാൽനടയാത്രക്കാരെയും വീടുകളിലേക്ക് തിരിച്ചയച്ചു. ഇന്നലെ താണിക്കുടം - തൃശൂർ റൂട്ടിൽ പൊങ്ങണംകാട് മുതലുള്ള ഗതാഗതം നിരോധിച്ചു. ഈ മേഖലയിലെ മൂന്നു ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളായതോടെയയാണ് നിയന്ത്രണം കടുപ്പിച്ചത്.
ഇന്നലെ രാവിലെ സ്വകാര്യ ബസിൽ ജോലിക്ക് പോയ പലർക്കും തൃശൂരിൽ എത്തിപ്പെടാൻ സാധിക്കാത്തതിനാൽ മടങ്ങേണ്ടിവന്നു. റോഡ് അടച്ചതോടെ ഈ മേഖലയിലെ സ്വകര്യ ബസുകൾ സർവീസ് നിറുത്തി. മാസ്കില്ലാതെ പുറത്തിറങ്ങിയവർക്കെതിരെ കർശന നടപടി സ്വീകരിച്ച് തുടങ്ങി. അതേസമയം പ്രധാന റോഡുകൾ അടച്ചിടുന്നതിനെതിരെ നാട്ടുകാരിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.