തിരുവനന്തപുരം:തലസ്ഥാന ജില്ലയിൽ ആശങ്ക കടുപ്പിച്ച് പുതിയ കൊവിഡ് കണക്കുകൾ. ഇന്നലെ റിപ്പോർട്ട് ചെയ്ത 242 പേരിൽ 237 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ബാക്കി അഞ്ചുപേർ ആരോഗ്യപ്രവർത്തകരാണ്.ഇവരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ നേരിയ ആശ്വാസം നൽകി ജില്ലയിൽ 310 പേർ രോഗമുക്തരായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്കും തിരുവനന്തപുരത്തായിരുന്നു. അതേസമയം തലസ്ഥാനത്തെ ലാർജ് ക്ലസ്റ്ററായ അഞ്ചുതെങ്ങിൽ സമ്പർക്ക രോഗവ്യാപനം വീണ്ടും വർദ്ധിച്ചു. 50പേർക്ക് നടത്തിയ പരിശോധനയിൽ 32പേർക്ക് പോസിറ്റീവായി. കഴക്കൂട്ടം എഫ്.സി.ഐ ഗോഡൗണിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു.74 പേരെ ടെസ്റ്റ് ചെയ്തതിൽ ഏഴ് പേർക്കാണ് പോസിറ്റീവായത്. പൊലീസ് ആസ്ഥാനത്തെ ഒരു എസ്.ഐക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതേടെ ആസ്ഥാനത്തിന്റെ അടച്ചിടൽ നീളും. റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കറിന്റെ രണ്ടാമത്തെ ഗൺമാനും ഇന്നലെ രോഗബാധ കണ്ടെത്തി. അഞ്ചുതെങ്ങിൽ ഇന്നലെ ഒരു മരണവും റിപ്പോർട്ട് ചെയ്തു.പോൾ ജോസഫാണ് (70) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ആകെ നിരീക്ഷണത്തിലുള്ളവർ-17,837
വീടുകളിൽ-14,254
ആശുപത്രികളിൽ-2,775
കെയർ സെന്ററുകളിൽ- 808
പുതുതായി നിരീക്ഷണത്തിലായവർ-1,228
ഡിസ്ചാർജ് ചെയ്തവർ-260