തിരുവനന്തപുരം: തീരദേശ ക്ലസ്റ്ററായ അഞ്ചുതെങ്ങിൽ ഇന്നലെ മാത്രം 32 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 50പേർക്ക് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് പോസിറ്റീവായത്. നാലുദിവസത്തിനിടെ നൂറിലധികം കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്ലസ്റ്ററിന് പുറത്തേക്കും രോഗവ്യാപനം അധികരിച്ചിട്ടുണ്ട്. കുളത്തൂർ പഞ്ചായത്തിൽ പൊഴിയൂർ ഉൾപ്പെടുന്ന ആറ് തീരദേശവാർഡുകളിലായിരുന്നു കൂടുതൽ കേസുകളും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ പുതിയ മേഖലകളിലേക്ക് രോഗം പകരുന്നത് കൂടുതൽ ഭീതി പരത്തിയിട്ടുണ്ട്. ക്ളസ്റ്ററുകൾ കേന്ദ്രീകരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും രോഗവ്യാപനം ഇതുവരെയും ഫലപ്രദമായി തടയാൻ സാധിച്ചിട്ടില്ല. പ്രദേശത്ത് ഒരു കൊവിഡ് മരണവുമുണ്ടായി.പോൾ ജോസഫ് എന്ന 70കാരനാണ് ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. പൂന്തുറ പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂർ, പാറശ്ശാല, പെരുമാതുറ, പൂവാർ, കുളത്തൂർ,കാരോട് എന്നിങ്ങനെ ജില്ലയിലെ 13 ലാർജ് ക്ലസ്റ്ററുകളിലാണ് രോഗവ്യാപനം അറുതിയില്ലാതെ തുടരുന്നത്.