തിരുവനന്തപുരം: തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജുകൾ കൊവിഡിനുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളാക്കി രോഗികളെ പാർപ്പിക്കുന്നുണ്ടെങ്കിലും ആയുർവേദ മരുന്നുകൾ നൽകാൻ അനുവദിക്കുന്നില്ല. ഫസ്റ്റ് ലൈൻ കേന്ദ്രങ്ങളിലുള്ളവർക്ക് അലോപ്പതിക്കാർ മരുന്നുനൽകാറില്ല. അവർക്ക് ആയുർവേദ മരുന്ന് കൊടുക്കാൻ സമ്മതിക്കുന്നുമില്ല.
ആയുർവേദ മരുന്ന് നൽകിയാൽ ശരാശരി 5-6 ദിവസത്തിനുള്ളിൽ പരിശോധനാഫലങ്ങൾ നെഗറ്റീവാകുമെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നു.
ലക്ഷണങ്ങളും മറ്റു ഗുരുതരരോഗങ്ങളില്ലാത്തതുമായ കൊവിഡ് ബാധിതരിൽ താത്പര്യമുള്ളവർക്ക് ആയുർവേദ മരുന്ന് നൽകാൻ അനുമതി ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ.
ഡൽഹിയിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ പോലും ചികിത്സിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ആയുഷ് വകുപ്പ് മരുന്നുകൾ ഉൾപ്പെടെയുള്ള പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കുകയും ചെയ്തിരുന്നു. തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയുർവേദത്തെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
'രോഗികളെ ഗുരുതരാവസ്ഥയിലേക്ക് തള്ളിവിടാതെ രക്ഷപ്പെടുത്താനാകും. താത്പര്യമുള്ളവർക്ക് പോലും ആയുർവേദ മരുന്ന് ഉപയോഗിക്കാൻ കഴിയുന്നില്ല.'
- ഡോ. പി.എം.വാര്യർ
ചീഫ് ഫിസിഷ്യൻ
കോട്ടക്കൽ ആര്യവൈദ്യശാല
'ആയുർവേദ ചികിത്സ അനുവദിക്കാൻ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അനുകൂല നടപടി പ്രതീക്ഷിക്കുന്നു.'
ഡോ.സി.എസ്.ശിവകുമാർ
ജനറൽ സെക്രട്ടറി,
ഗവ. ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന