തിരുവനന്തപുരം: നേമം കോച്ചിംഗ് ടെർമിനലിനും തിരുവനന്തപുരം-പാറശാല റെയിൽപാത ഇരട്ടിപ്പിക്കലിനും ആവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു. 2019 മാർച്ചിൽ റെയിൽവേ മന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതി സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരം മുതൽ നേമം വരെയുള്ള റെയിൽ വികസനത്തിന് 14.84 ഹെക്ടർ ഭൂമിയാണ് ആവശ്യമുള്ളത്. ഈ ഭൂമി ഏറ്റെടുക്കലിന് 207 കോടി രൂപ അനുവദിക്കേണ്ടതുണ്ട്. പദ്ധതിയ്ക്ക് അനുവദിച്ച 133 കോടി രൂപയിൽ 5 കോടി മാത്രമാണ് ക്യാപിറ്റൽ ഫണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച 128 കോടി രൂപ ബജറ്റിതര തുകയായതിനാൽ ഭൂമി ഏറ്റെടുക്കുന്നതിന് ഉപയോഗിക്കാനാകില്ല. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ മുഴുവൻ തുകയും അനുവദിച്ച് പദ്ധതി അടിയന്തരമായി പൂർത്തിയാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.