SignIn
Kerala Kaumudi Online
Tuesday, 29 September 2020 10.58 AM IST

തോരാ മഴ വെള്ളപ്പൊക്ക ഭീതി

 മലപ്പുറത്ത് ഉരുൾപൊട്ടി, പാലം ഒലിച്ചുപോയി

 കോഴിക്കോട്ട് നദികൾ കരകവിഞ്ഞു, വീടുകൾ തകർന്നു

 വയനാട്ടിൽ അണക്കെട്ട് തുറന്നു

 എറണാകുളത്ത് നദികളിലെ ജലനിരപ്പ് ഉയർന്നു

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷം തുടർച്ചയായുണ്ടായ പ്രളയത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും മാറാതെ നിൽക്കുന്നതിനിടെ സംസ്ഥാനം വീണ്ടും പ്രളയ ഭീതിയിൽ. അടുത്ത നാല് ദിവസം വടക്കൻ കേരളത്തിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മഴ തുടരുന്നതിനാൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ ജലകമ്മിഷന്റെ മുന്നറിയിപ്പുമുണ്ട്. ഭവാനി പുഴയിലെ ജലനിരപ്പ് അപകടനിലയിലാണെന്നും സമീപവാസികളെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. ശക്തമായ മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകും.

എൻ.ഡി.ആർ.എഫ് സംഘം കേരളത്തിൽ

ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അതിതീവ്ര മഴയുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇതോടൊപ്പം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയും കൂടുതലാണെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്)​ ആറ് സംഘങ്ങൾ കേരളത്തിലെത്തി. വടക്കൻ കേരളത്തിൽ ആയിരിക്കും ഇവർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

മലപ്പുറത്ത് കനത്ത മഴ

മലപ്പുറത്ത് ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴ രാവിലെയോടെ ശക്തി പ്രാപിച്ചു. നിലമ്പൂർ മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. വെള്ളം പൊങ്ങിയതോടെ മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയി. ഇതേതുടർന്ന് ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിലും പാലം ഒലിച്ചു പോയിരുന്നു. പിന്നീട് മുള കൊണ്ട് നിർമ്മിച്ച പാലമാണ് വീണ്ടും ഒലിച്ചു പോയത്. അരീക്കോട് തെരട്ടമ്മൽ മൂർക്കനാട് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഭൂതാനം, പൂളപ്പാടം, എരുമമുണ്ട സ്‌കൂളുകളിലായുള്ള ക്യാമ്പുകളിൽ 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആഢ്യൻപാറയിൽ ഉരുൾ പൊട്ടിയതായി റിപ്പോർട്ടുണ്ട്. പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. കരിമ്പുഴയും നിറഞ്ഞൊഴുകുന്നു. കരുളായി നെടുങ്കയം കോളനിയിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് താമസക്കാരെ പുള്ളിയിലെ സ്‌കൂളിലേക്ക് മാറ്റി. കോഴിക്കോട്- നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

കോഴിക്കോട് മഴ തുടരുന്നു

ജില്ലയിൽ ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇരുവഞ്ഞിപ്പുഴയും ചാലിയാർ പുഴയും കരകവിഞ്ഞൊഴുകുന്നു. നദികളുടെ തീരപ്രദേശത്ത് താമസിക്കുന്നവരെ മുൻകരുതലെന്ന നിലയ്ക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദ്ദേശിച്ചു. ചാലി പുഴയിൽ വെള്ളം ശക്തമായതിനാൽ ചെമ്പുകടവ് പാലം വെള്ളത്തിൽ മുങ്ങി തുഷാരഗിരി അടിവാരം റോഡിലെ ഗതാഗതം സ്തംഭിച്ചു. ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് അഴിയൂർ ഗ്രാമപഞ്ചായത്തിൽ പൂഴിത്തലയിലും പരദേവത ക്ഷേത്രത്തിന് സമീപത്തായും 4 വീടുകൾ ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. മരങ്ങൾ കടപുഴകി വീണ് പലയിടത്തും കെ.എസ്.ഇ.ബി പോസ്റ്റുകളും ഒടിഞ്ഞുവീണു. രാത്രി വൈകി വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു. കോഴിക്കോട്ടും വയനാട്ടിലും ഇന്ന് റെഡ് അലർട്ടാണ്.

വയനാട്ടിൽ അതിജാഗ്രത

വയനാട്ടിൽ ഭീതി വിതച്ച് ശക്തമായ മഴ തുടരുകയാണ്. പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റർ മഴ ഇന്നലെ രേഖപ്പെടുത്തി. മൂന്ന് താലൂക്കുകളിലായി 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 807 പേരെ ഇവിടെ താമസിപ്പിച്ചിട്ടുണ്ട്. നിയന്ത്രിത മേഖലകളിലുള്ളവരെയും കൊവിഡ് രോഗികളുമായി സമ്പർക്കമുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിച്ചിരിക്കുന്നത്. 2019ൽ ഉരുൾപൊട്ടലിൽ 12 പേർ മരിച്ച മേപ്പാടി പുതുമല മേഖലയിലും കൂടുതൽ പേരെ മുൻകരുതലെന്ന നിലയിൽ മാറ്റിപാർപ്പിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 15 സെന്റീമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടു. ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു.

എറണാകുളത്ത് പുഴകൾ നിറയുന്നു

ജില്ലയിലെ കാളിയാർ, തൊടുപുഴയാർ, കോതമംഗലം പുഴ എന്നീ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ജില്ലാഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. പ്രളയ മുന്നറിയിപ്പ് നൽകുന്നതിനുള്ള ജലനിരപ്പിന് അടുത്താണ് നദികളിലെ ജലനിരപ്പെന്ന് ജില്ലാകളക്ടർ പറഞ്ഞു. അതിനാൽ താഴ്ന്ന പ്രദേശങ്ങളിലും പുഴയുടെ തീരത്തുള്ളവർക്കും അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. ജില്ലയുടെ കിഴക്കൻ മേഖലകൾ ഉരുൾപൊട്ടൽ ഭീതിയിലാണ്. ഏത് സാഹചര്യത്തിലും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പുകൾ നടത്തി ജനങ്ങൾ സജ്ജരായിരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

സജ്ജരാകാൻ നിർദ്ദേശം നൽകി: മുഖ്യമന്ത്രി

മഴക്കെടുതി നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കാൻ ജില്ലാഭരണ സംവിധാനങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉരുൾപൊട്ടൽ സാദ്ധ്യതയിലുള്ളവരെ മാറ്റി താമസിപ്പിക്കും. നീലഗിരി കുന്നുകളിൽ അതിതീവ്ര മഴയുണ്ടാകുന്നത് വയനാട്, മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖല, പാലക്കാട് ജില്ലയുടെ വടക്ക് കിഴക്കൻ മേഖല എന്നിവിടങ്ങളിൽ അപകടസാദ്ധ്യത വർദ്ധിപ്പിക്കും. ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്നത് എറണാകുളം ജില്ലയെയും ബാധിക്കാനിടയുണ്ട്. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടില്ല. വൈദ്യുതി വകുപ്പിന്റെ പെരിങ്ങൽക്കുത്ത്, കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളിൽ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് വിടുന്നുണ്ട്. ജലസേചന വകുപ്പിന്റെ ചില അണക്കെട്ടുകളിലും ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. മണിമലയാറിൽ മാത്രമാണ് വാണിംഗ് ലെവലിനോട് അടുത്ത് ജലനിരപ്പുള്ളത്. മലയോര മേഖലയിൽ രാത്രി ഗതാഗതം ഒഴിവാക്കണം. മരങ്ങൾ വീണും പോസ്റ്റുകൾ വീണും അപകടങ്ങൾ ഉണ്ടാകാനിടയുണ്ട്. നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FLOOD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.