വാഷിംഗ്ടൺ: അമേരിക്കയിലെ തിരഞ്ഞെടുപ്പിന് മുമ്പായി കൊവിഡിനെതിരെയുളള വാക്സിൻ പുറത്തിറക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു റേഡിയോ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ കൊവിഡിനെതിരെയുളള വാക്സിൻ പുറത്തിറക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ മൂന്നിന് മുമ്പ് വാക്സിൻ കണ്ടെത്തുമോ എന്ന ചോദ്യത്തിനായിരുന്നു പ്രസിഡന്റിന്റെ മറുപടി. അതിന് മുമ്പ് വാക്സിൻ കണ്ടെത്തുമെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് പറഞ്ഞു. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് അമേരിക്കയുടെ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാകുകയും ദിനംപ്രതി ആയിരത്തിലേറെ പേർ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ ട്രംപ് ഒരുങ്ങുന്നത്.
സുരക്ഷിതമായി പ്രവർത്തിക്കുന്ന വാക്സിൻ കണ്ടെത്തിയിട്ടുണ്ടെന്നും ഈ വർഷം അവസാനത്തോടെ പരീക്ഷണങ്ങൾ പൂർത്തിയാകുമെന്നും യു.എസിലെ ആരോഗ്യ വിഭാഗം അധികൃതർ വ്യക്തമാക്കിയിരുന്നു. വാക്സിൻ കണ്ടുപിടിച്ചാൽ അമേരിക്കൻ സമ്പദ്വ്യവസ്ഥ പഴയ രീതിയിൽ ഉയർത്തി കൊണ്ടുവരുമെന്നുെ ട്രംപ് പറഞ്ഞു. വാക്സിൻ ലഭ്യമായി കഴിഞ്ഞാൽ ഉടൻ ചികിത്സകൾ ആരംഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.