ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയ 370-ാം വകുപ്പ് റദ്ദാക്കാൻ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ തയ്യാറാക്കിയത് അന്തരിച്ച മുൻ കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലി ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ സംഗീതാ ജയ്റ്റ്ലി വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരമാണ് ബിൽ തയ്യാറാക്കിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അത് കൃത്യമായി നടപ്പാക്കിയെന്നും 370-ാം വകുപ്പ് റദ്ദാക്കപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ ഇറക്കിയ വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു.
ബിൽ അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജയ്റ്റ്ലി ജമ്മുകാശ്മീർ ഭരണഘടനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത് കണ്ട് തിരക്കിയപ്പോളാണ് അദ്ദേഹം കാര്യം പറഞ്ഞത്.ആരോഗ്യ കാരണങ്ങളാൽ മന്ത്രിസഭയിൽ ഇല്ലായിരുന്നെങ്കിലും മികച്ച അഭിഭാഷകനായ തന്റെ ഭർത്താവിന്റെ കഴിവിനെ പ്രധാനമന്ത്രി ഉപയോഗപ്പെടുത്തിയെന്ന് സംഗീത ചൂണ്ടിക്കാട്ടി.