കാലാസ്ഥയിലെ വ്യതിയാനം മനുഷ്യൻ ഉൾപ്പടെ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും വ്യത്യാസങ്ങൾ വരുത്തുന്നു. മഴക്കാലത്ത് അന്തരീക്ഷതാപം കുറയുന്നതിനാൽ നമ്മുടെ ദഹനശക്തിയും രോഗപ്രതിരോധശേഷിയും അതിലൂടെ ശരീരബലവും കുറഞ്ഞ് പകർച്ചവ്യാധികൾ പിടികൂടാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു.
കേരളത്തിൽ ജൂൺ മുതൽ മൂന്നുമാസക്കാലം മഴക്കാലമാണ്. അപ്പോൾ ജലവും വായുവും ദേശവുമെല്ലാം കാലാവസ്ഥയ്ക്കനുസരിച്ച് ദുഷിക്കുന്നതിനാൽ ക്ഷുദ്രജീവികളുടെ സാന്നിദ്ധ്യവും വർദ്ധിക്കുന്നു.
കൊതുകുജന്യ രോഗങ്ങളായ മലമ്പനി, ഡെങ്കിപ്പനി, സിക്കാ, ചിക്കൻ ഗുനിയ തുടങ്ങിയവയും ജന്തുജന്യ രോഗങ്ങളായ വിരശല്യം, എലിപ്പനി തുടങ്ങിയവയും വായുജന്യ രോഗങ്ങളായ പകർച്ചപ്പനി, ചെങ്കണ്ണ്, അഞ്ചാംപനി, പന്നിപ്പനി എന്നിവയും ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയവയുമാണ് മഴക്കാല രോഗങ്ങൾ.
കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ഒരു പകർച്ചപ്പനി (വൈറൽ ഫിവർ) എങ്കിലും പിടിക്കാത്തവർ കുറവായിരിക്കും. വളരെ ഭീതിയോടെയാണ് നമ്മൾ ഇന്ന് പകർച്ചപ്പനിയെ കാണുന്നതെങ്കിലും ഒരാഴ്ചത്തെ വിശ്രമവും ആവശ്യത്തിന് പാനീയങ്ങളും എളുപ്പം ദഹിക്കുന്ന ആഹാരം കഴിക്കുകയും ചെയ്യുന്നതിലൂടെ കുറയുന്നവയാണ്.
ഡെങ്കിപ്പനിയിൽ പ്ളാറ്റ്ലറ്റ് കുറയുമെങ്കിൽ പോലും അവ ക്രമാതീതമായി കുറയുകയോ ഡെങ്കിഹെമറാജിക് ഫിവർ, ഡെങ്കി ഷോക്സിൺഡ്രോം എന്നീ അവസ്ഥകളുണ്ടാകുകയോ ചെയ്യുകയാണെങ്കിൽ മാത്രമേ വിദഗ്ദ്ധ ചികിത്സയുടെ ആവശ്യമുള്ളൂ.
അലർജി കാരണമുള്ള തുമ്മൽ, സൈനസൈറ്റിസ്, ശ്വാസംമുട്ട് എന്നിവയും വർദ്ധിക്കുന്ന കാലമാണ് മഴക്കാലം. അന്തരീക്ഷത്തിലെ ഇൗർപ്പം കാരണം ഫംഗസുകൾ വളർന്നുണ്ടാകുന്ന സ് പോറുകൾ ഇൗ കാലാവസ്ഥയിൽ കൂടുതലായിരിക്കും. ഇത് അലർജി വർദ്ധിക്കാൻ കാരണമാകും. വീടുകൾ വൃത്തിയാക്കി ഇൗർപ്പരഹിതമാക്കിവച്ചും വസ്ത്രങ്ങൾ നന്നായി ഉണക്കി തേയ്ച്ച് ഉപയോഗിച്ചും ഒരു പരിധിവരെ ഇവയെ നിയന്ത്രിക്കാം.
എലിയുടെ വിസർജ്യങ്ങൾ കലർന്ന വെള്ളത്തിൽ നിന്ന് ശരീരത്തിലെ മുറിവിലൂടെ ബാധിക്കുന്ന ബാക്ടീരിയ കാരണമാണ് എലിപ്പനി ഉണ്ടാകുന്നത്. വർഷങ്ങളോളം ബാക്ടീരിയയെ എലികൾ വിസർജിക്കും. എലിയെക്കൂടാതെ കുറുക്കൻ, വളർത്തുമൃഗങ്ങൾ എന്നിവയും എലിപ്പനിക്ക് കാരണമാകും. വീട്ടിൽ വളർത്തുന്ന പട്ടി, പൂച്ച തുടങ്ങിയവയെ അകറ്റി നിറുത്തുന്നത് നല്ലത്.
മധുരം, പുളി, ഉപ്പ്, തണുപ്പ് എന്നീ സ്വഭാവമുള്ള ആഹാരം മഴക്കാലത്ത് ഒഴിവാക്കണം. പ്രത്യേകിച്ചും പുളിരസമുള്ള ഒാറഞ്ച്, മുസംമ്പി, നാരങ്ങ തുടങ്ങിയവ. ഇവ കഴിച്ചാൽ (പ്രത്യേകിച്ച് രാവിലെയോ രാത്രിയോ) ഉടൻതന്നെ തൊണ്ടയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങുന്ന കാലമാണിത്. എന്നാൽ കയ് പ്, ചവർപ്പ്, എരിവ്, ചൂട് തുടങ്ങിയ സ്വഭാവമുള്ളവ മഴക്കാലത്ത് ഉപയോഗിക്കേണ്ടവയാണ്.
രാമച്ചം, പതിമുഖം, നറുനീണ്ടി ഇവയിട്ട് തിളപ്പിച്ച വെള്ളമോ കരിക്കിൻവെള്ളമോ തണുത്ത ജ്യൂസുകളോ ഉപയോഗിക്കരുത്. പകരമായി ജീരകം , ചുക്ക്, അയമോദകം ഇവയിട്ട് തളപ്പിച്ച വെള്ളമോ ചൂടുവെള്ളമോ ആണ് കുടിക്കേണ്ടത്. അഞ്ചുമിനിട്ടെങ്കിലും വെട്ടിത്തിളപ്പിച്ച് ചൂടാറ്റി മാത്രമേ കുടിക്കാവൂ. ശരിക്ക് പറഞ്ഞാൽ തിളപ്പിച്ച് പകുതിയാക്കി വറ്റിച്ചാണ് കുടിക്കേണ്ടത്.
തേൻ, ചുക്കു കാപ്പി എന്നിവയും നല്ലത്. പകലുറക്കം നല്ലതല്ല.
കാലാവസ്ഥയ്ക്കനുസരിച്ച് കരുതലോടെ ജീവിച്ചാൽ മഴക്കാല രോഗങ്ങളിൽ നിന്ന് രക്ഷനേടാം.