SignIn
Kerala Kaumudi Online
Thursday, 01 October 2020 10.32 PM IST

'വിമാനം കുത്തനെ താഴോട്ട്, കൊച്ചുകുട്ടികൾ നിലവിളിച്ചു കരഞ്ഞു': കരിപ്പൂരിലെ ടേബിൾ ടോപ്പിന്റെ ഭയാനകത വിവരിക്കുന്ന കുറിപ്പ്

aeroplane

കരിപ്പൂർ വിമാനത്താവളത്തിൽ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനം ലാൻഡിംഗിനിടെ തകർന്ന വാർത്ത ഉൾക്കിടിലത്തോടെയാണ് കേരളം കേട്ടത്. പൈലറ്റടക്കം 19 പേരുടെ ജീവനാണ് അപകടത്തിൽ നഷ്‌ടമായത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നി മാറി 35 അടിയോളം താഴ്‌ചയിലേക്ക് വീണ വിമാനം രണ്ടായി പിളരുകയായിരുന്നു. 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പതിനഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ‌്തു. കരിപ്പൂരിലെ ടേബിൾ ടോപ് റൺവേയാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തൽ ശക്തമാണ്.

താഴ്‌വരകളുടെ നടുക്ക് കുന്നിൻപുറം ചെത്തിമിനുക്കി മേശപ്പുറം പോലെ നിർമ്മിച്ചതാണ് കരിപ്പൂരിലെ റൺവേ. ഇത്തരം റൺവേകളിൽ പൈലറ്റിന് കാഴ്‌ച ഏറെ ദുഷ്‌‌കരമാണ്. രൺവേ ഇവ്യൂഷൻ എന്നാണ് ഇതിനെ വിളിക്കുക.

ഇത്തരത്തിൽ കരിപ്പൂരിൽ അതിസാഹസികമായി വിമാനം ഇറങ്ങേണ്ടി വന്ന അനുഭവം വിവരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹു. ഒരു കരിപ്പൂർ യാത്ര എന്ന പേരൽ ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ഒരു കരിപ്പൂർ യാത്ര?
=================
2018 ആഗസ്റ്റ് .വൈകുന്നേരം കോഴിക്കോട് ഐ എം.എ മീറ്റിംഗ് .
തിരുവനന്തപുരത്തു നിന്നും അവിടെ എത്തണമെങ്കിൽ രണ്ട് ഓപ്ഷൻ മാത്രം.

ശരിക്കും പറഞ്ഞാൽ മൂന്ന് ഓപ്ഷൻ.

തലേദിവസം രാത്രി ട്രെയിനിൽ,
രാവിലെ അവിടെയെത്തി ,വൈകുന്നേരത്തെ മീറ്റിംഗ് കഴിഞ്ഞ് രാത്രി ട്രെയിനിൽ തിരിച്ചുവരിക. രണ്ടു രാത്രികൾ ട്രെയിനിൽ .
ട്രെയിൻ പിടിക്കാൻ വളരെ നേരത്തെ സ്റ്റേഷനിലെക്ക് യാത്രയും ചെയ്യണം. രണ്ടു ദിവസം രോഗികളെ കാണാനും പറ്റില്ല.

ഇത്രയും ദൂരം റോഡ് മാർഗം പോകാൻ മടി.

അടുത്ത ഓപ്ഷൻ ഫ്‌ളൈറ്റ് .

അതാണ് മിക്കപ്പോഴും സ്വീകരിക്കുന്നത് . നേരത്തെ ബുക് ചെയ്താൽ തല കൊയ്യുന്ന റേറ്റല്ലതാനും.
രാവിലെ 9. 25 എയർ ഇന്ത്യ എക്സ്പ്രസ്.
ഒരു മണിക്കൂറിൽ കോഴിക്കോട് .
ഹോട്ടലിൽ ഊണുകഴിഞ്ഞ് ചെറിയൊരു ഉച്ചമയക്കം. വൈകുന്നേരം മീറ്റിങ് .
രാത്രി 10 .45 കോഴിക്കോട് തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിൽ .
ഒരുമണിക്കൂറിൽ തിരുവനന്തപുരം .
രണ്ടു രാത്രികൾ ലാഭം.

ഇത്തവണയും അത് തന്നെ നല്ലതെന്ന് കരുതി .

ഫ്‌ളൈറ്റിൽ നിറയെ യാത്രക്കാരുണ്ട്

കയ്യിലിരുന്ന ബെന്യാമിൻ വായനയിൽ രസം പിടിച്ചു വരുന്നതേയുള്ളൂ .അപ്പോഴേക്കും
ലാൻഡിങ് അനൗൺസ്‌മെന്റ്

പതിവിലും നേരത്തെ.
ഒരു മണിക്കൂർ യാത്ര ,അൻപതു മിനിറ്റിന് ചുറ്റുവട്ടം തീരുന്നു .

കൊള്ളാം.

തിമിർത്തുപെയ്യുന്ന മഴയിൽ കേരളത്തിലെ പല റോഡുകളും മുങ്ങിപ്പോയിയെന്ന് തലേദിവസംതന്നെ വാർത്ത കേട്ടിരുന്നു തിരുവനന്തപുരത്തും തകർപ്പൻ മഴ.

റോഡ് മാർഗ്ഗം യാത്ര സ്വീകരിക്കാത്തതിൽ ഞാൻ എന്നെ സ്വയം അഭിനന്ദിച്ചു.

പുസ്തകം അടച്ചുവെച്ച് സീറ്റ്‌ബെൽറ്റ് കെട്ടി വെറുതെയിരുന്നു.

അങ്ങ് താഴെ പച്ചപ്പ് ഇടയ്ക്കിടയ്ക്ക് കണ്ടുതുടങ്ങി.
തകർത്തു പിടിച്ച മഴ വെളിയിലുണ്ട്. ഉറപ്പ്.
പെട്ടെന്ന് വിമാനം താഴേക്ക് പതിക്കുന്ന പോലെ.
ഒരു 10 സെക്കൻഡ്.
വീണ്ടും വിമാനം റെഡിയായി .
എയർപോക്കറ്റെന്നു ചുമ്മാ കരുതി.

വീണ്ടും വിമാനം പൊങ്ങുന്നപോലെ തോന്നി.
ഇപ്പോൾ താഴെ ഒന്നും കാണുന്നില്ല ഏറെനേരം ആകാശത്ത്.

അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വിമാനം താഴ്ന്നു .ഇത്തവണയും കുഴിയിലേക്ക് എറിഞ്ഞ പോലുള്ള അവസ്ഥ.

നെഞ്ചൊന്നു കാളി .
എന്തോ സംഭവിക്കാൻ പോകുന്നുവെന്നൊരുതോന്നൽ

എമർജൻസി സീറ്റിലാണ് എന്റെ ഇരിപ്പിടം . യാത്രക്കാർക്ക് മുഖാമുഖം, മുന്നിലിരിക്കുന്ന എയർ ക്രൂ മന്ദഹസിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കണ്ണുകളിൽ ചിരിയില്ല.

ചെറിയ യാത്രകളൊക്കെ ട്രയിനിൽ മതിയെന്ന് നിർബന്ധം പിടിക്കുന്ന ഭാര്യയെ വെറുതെ ഓർത്തുപോയി.

വീണ്ടും വിമാനം പറന്നുയരുന്നതുപോലെയൊരു തോന്നൽ.

എല്ലാം ശാന്തം
അനോൻസ്‌മെന്റ്കൾ മാത്രം വരുന്നില്ല .
ഞാൻ സഹയാത്രികരെ പാളിനോക്കി.
എല്ലാവരുടെ മുഖത്തും എന്തോ പന്തികേട്. ആരൊക്കെയോ പരസ്പരം എന്തൊക്കെയോ കുശു കുശുക്കുന്നു.

അര മണിക്കൂർ കഴിഞ്ഞു കാണും. വീണ്ടും ലാൻഡിങ് അനൗൺസ്‌മെന്റ്

ഇത്തവണ വളരെ സ്മൂത്ത് ലാൻഡിംഗ് .

ഒരു ചെറിയ കുലുക്കം പോലുമില്ല. എടുത്തു വെച്ചത് പോലെ.
ഒന്ന് നെടുവീർപ്പിട്ട് പതുക്കെ സീറ്റ് ബെൽറ്റഴിച്ചു.

അപ്പൊ ദാ വരുന്നു അനൗൺസ്‌മെന്റ്.

വിസിബിലിറ്റി കുറവുമൂലം കരിപ്പൂരിന് പകരം കൊച്ചിയിൽ ഇറങ്ങിയത്രേ

പകച്ചു പോയി. എങ്കിലും ആശ്വാസമാണ് തോന്നിയത്.
കൊച്ചിയെങ്കിൽ കൊച്ചി !

താഴെ എത്തിയല്ലോ!

വിമാനത്തിന്റെ വാതിൽ തുറക്കുന്നില്ല!

അനൗൺസ്‌മെന്റ് ഒന്നുമില്ല!

ക്യാബിൻ ക്രൂവിന് വലിയ പിടുത്തവുമില്ല.

ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞ് വീണ്ടും അനൗൺസ്‌മെന്റ്.

കോഴിക്കോട്ടേക്കുള്ള യാത്ര വീണ്ടും
തുടങ്ങുമത്രേ

പടച്ചോനെ!

വിസിബിലിറ്റി ഒട്ടുമില്ലാത്ത എയർപോർട്ടിലേക്ക് വീണ്ടുമൊരു യാത്ര.

ഒന്ന് തെറ്റിയാൽ മൂന്ന് ! ഇത്തവണ ലാൻഡ് ചെയ്യാൻ പറ്റുമായിരിക്കും.

അതോ?

സർവ്വ ദൈവങ്ങളെയും പ്രാർത്ഥിച്ച് എന്തും വരട്ടെയെന്നു കരുതി ഒരുരിപ്പ്.

ഇത്തവണ ബെന്യാമിനെ കൈകൊണ്ട് പോലും തൊട്ടില്ല.

വീണ്ടും കരിപ്പൂരിന് മുകളിൽ

ആദ്യത്തെ രണ്ടുതവണയെ വെല്ലുന്ന കുലുക്കം.
വിമാനം കുത്തനെ താഴോട്ട്.

കൊച്ചുകുട്ടികൾ നിലവിളിച്ച് കരഞ്ഞു.

ആരൊക്കെയോ ഉറക്കെ പ്രാർത്ഥിക്കുന്നു.

ഏതാനും സെക്കൻഡുകൾക്ക് ശേഷം വിമാനം സ്റ്റഡി..

എങ്കിലും എന്റെ മനസ്സ് ശാന്തമായില്ല

എയർ ക്രൂ വീണ്ടും ചിരിക്കാൻ ശ്രമിക്കുന്നു

അവരുടെ കണ്ണിൽ തിളക്കം മുമ്പുണ്ടായിരുന്നത്രപോലുമില്ല

എമർജൻസി വാതിൽ തുറക്കാനുള്ള രീതി ഞാനൊന്നയവിറക്കി .

ലാൻഡ് ചെയ്യുമ്പോൾ

ഒരുപക്ഷേ...

എന്തിനും തയ്യാറായി അനൗൺസ്‌മെന്റ് കാത്തു ഞാനങ്ങനെ..

ഇവാക്കുവെറ്റ്

ഇവാക്കുവെറ്റ്

ഇവാക്കുവെറ്റ്

ഈ അനൗൺസ്‌മെന്റ് ഉടൻ വരുമെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

ആൾക്കാരുടെ കൂട്ടപ്രാർത്ഥനയും കുട്ടികളുടെ കരച്ചിലും ചെറുതായൊന്നു തണുത്തു .

ഒന്നും സംഭവിക്കാത്തപോല ,കരിപ്പൂരിലെ റൺവേയിൽ വിമാനം സ്മൂത്തായി ലാൻഡ് ചെയ്തു

മനസ്സിലൊരായിരം ഐസ്‌ക്രീം കോരിയൊഴിച്ചപോലെ

വിമാനം നില്ക്കുന്നതിനു മുൻപ് തന്നെ ബെൽറ്റൂരി അറിയാതെ ചാടിയെണീറ്റു പോയി.

കിട്ടിയ ജീവനും കൊണ്ട് ഓടാനുള്ള ശ്രമം

ഇന്നലെ ആദ്യം ആ വാർത്തകൾ എത്തിയതുമുതൽ മനസ്സിൽ ഒരു തരിപ്പ്

കരിപ്പൂരിലെ ടേബിൾ ടോപ്പിനെ വീണ്ടും വീണ്ടും പലവട്ടം ആശ്രയിച്ചത് മറ്റൊരു കഥ'

ഡോ സുല്ഫി നൂഹു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KARIPOOR FLIGH CRASH, TABLE TOP RUNWAY, SULPHI NOOH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.