ലോസ്ആഞ്ചൽസ് : വരുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് തോറ്റുതുന്നം പാടും. പറയുന്നത് ചില്ലറകാരനല്ല കേട്ടോ. ആൾ സിംഹമാണ്. വെറും സിംഹമല്ല, പ്രവചന സിംഹം.! 1984 റീ - ഇലക്ഷനിൽ റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായി വീണ്ടും വിജയിച്ച മുതൽ നടന്ന എല്ലാ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുകളിലെയും വിജയിയെ കിറുകൃത്യമായി പ്രവചിച്ച വ്യക്തിയാണത്. പേര് അലൻ ലിക്ട്മാൻ. വാഷിംഗ്ടണിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസറാണ് അദ്ദേഹം.
ഒരു അമേരിക്കൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത്തവണത്തെ ഇലക്ഷന് ട്രംപ് തോല്ക്കുമെന്നും വൈറ്റ്ഹൗസിന് പുറത്താകുമെന്നും ലിക്ട്മാൻ പറഞ്ഞത്. ഒരു പ്രത്യേക ടെക്നിക് ഉപയോഗിച്ചാണ് ' പ്രെഡിക്ഷൻ പ്രൊഫസർ ' എന്നറിയപ്പെടുന്ന ലിക്ട്മാൻ ഭാവി പ്രസിഡന്റിനെ പ്രവചിക്കുന്നത്. ' ദ കീസ് ടു ദ വൈറ്റ് ഹൗസ് ( The Keys To The White House ) ' എന്ന സിദ്ധാന്തമാണ് ലിക്ട്മാൻ പ്രവചനത്തിന് ഉപയോഗിക്കുന്നത്. ശരിയോ തെറ്റോ എന്ന് ഉത്തരം നൽകാവുന്ന ' 13 കീകൾ ' (13 Keys) ഇതിൽ ഉൾപ്പെടുന്നു. ഇതിലെ ആറോ അതിലധികമോ കീകളുടെ ഉത്തരം ' തെറ്റ് ' എന്നാണെങ്കിൽ നിലവിൽ വൈറ്റ്ഹൈസിൽ ഏത് പാർട്ടിയാണോ അവർക്ക് ഭരണം നഷ്ടമാകും.
രാജ്യത്തെ സമ്പദ് വ്യവസ്ഥ, അധികാരസ്ഥാനങ്ങൾ, സാമൂഹ്യത്തിലെ അശാന്തത, അഴിമതി, വിവാദങ്ങൾ, അനുയായികളിൽ സ്ഥാനാർത്ഥികളുണ്ടാക്കുന്ന സ്വാധീനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ' 13 കീ'കൾ ലിക്ട്മാൻ രൂപപ്പെടുത്തുന്നത്. 73 കാരനായ ലിക്ട്മാൻ 1982 മുതലാണ് പ്രവചനങ്ങൾ നടത്താൻ തുടങ്ങിയത്. 3 ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ഓരോ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും താൻ നേരിടുന്ന സമ്മർദ്ദത്തിന് മാറ്റമൊന്നുമില്ലെന്ന് ലിക്ട്മാൻ പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് തന്നെ ജയിക്കുമെന്ന് ലിക്ട്മാൻ കൃത്യമായി പ്രവചിച്ചിരുന്നു. ഒപ്പം 2016ൽ തന്നെ ട്രംപിന്റെ ഭാവിയെ പറ്റിയുള്ള ഒരു പ്രവചനം കൂടി നടത്തി അദ്ദേഹം അമേരിക്കക്കാരെ ഞെട്ടിച്ചിരുന്നു. ട്രംപ് ഇംപീച്ച് ചെയ്യപ്പെടുമെന്നായിരുന്നു അത്. !