ന്യൂഡൽഹി: നയതന്ത്രചാനൽ വഴി സ്വർണം കടത്തിയ കേസിൽ അന്വേഷണത്തിനായി എൻ.ഐ.എ സംഘം യു.എ.ഇയിലേക്ക് പോകും. കേസിലെ പ്രതി ഫൈസൽ ഫരീദിനെ ചോദ്യംചെയ്യാനാണ് എൻ.ഐ.എ ഉദ്യോഗസ്ഥർ യു.എ.ഇയിലേക്ക് പോകുന്നത്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്.
ഫൈസൽ ഫരീദിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിക്രമങ്ങൾ നേരത്തെ തന്നെ എൻഫോഴ്സ്മെന്റ് ആരംഭിച്ചിരുന്നു. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐ.ജിക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസൽ ഫരീദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തിൽ നിർദേശം നൽകിയിരിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ തെളിവ് ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന സ്വപ്ന സുരേഷിന്റെ വാദത്തിന് ശക്തമായ എതിർവാദങ്ങളാണ് കസ്റ്റംസ് ഇന്നലെ കോടതിയിൽ അവതരിപ്പിച്ചത്. സർക്കാരിൽ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കോൺസുലേറ്റ് ഉദ്യോസ്ഥ എന്ന നിലയിൽ ഭരണത്തിൽ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നായിരുന്നു ജാമ്യാപേക്ഷയിൽ സ്വപ്നയുടെ വാദം.