ഗഹനമായ സാഹിത്യചിന്തകളാൽ മനസിനെ പ്രക്ഷുബ്ധമാക്കുന്ന പ്രബന്ധങ്ങൾ കൊണ്ടാണ് കെ. സുരേന്ദ്രൻ എന്നെ ആകർഷിച്ചത്. മഹത് സന്നിധികൾ, സ്വാതന്ത്ര്യം തന്നെ ജീവിതം, സൃഷ്ടിയും നിരൂപണവും, തൂവലും ചങ്ങലയും തുടങ്ങിയ പുസ്തകങ്ങൾ എനിക്ക് അമൂല്യനിധികളായി തോന്നി. മഹാപ്രതിഭകളെയും വിശ്വോത്തര കൃതികളെയും കുറിച്ചുള്ള പഠനങ്ങൾ ഒരു സ്വതന്ത്ര മനസിന്റെ സൗന്ദര്യസങ്കല്പങ്ങളെ ഉന്മൂലനം ചെയ്തു കാണിച്ചു.
എവിടെയാണ് എന്റെ ജീവിതമെന്നറിയാതെ 1964- ഒടുവിലാണ് ഞാൻ തിരുവനന്തപുരത്ത് എത്തുന്നത്.
തിരുവനന്തപുരത്തു വന്ന് അധികം കഴിയുന്നതിനു മുമ്പ് തന്നെ ഞാൻ ജഗതിയിലെ കല്പനയിൽ ചെന്ന് ജി. വിവേകാനന്ദന് സ്വയം പരിചയപ്പെടുത്തി. എന്നെക്കുറിച്ച് പറയാൻ എന്താണുള്ളത്? 'അഭയം" എന്നൊരു നോവലെഴുതിയിട്ടുണ്ട്. വിവേകാനന്ദൻ സാറിന്റെ ഭാര്യ ലളിതടീച്ചർ എനിക്ക് ചായയും ബിസ്ക്കറ്റും തന്നു. കുറെനേരം കഴിഞ്ഞ് യാത്ര ചോദിച്ച് എഴുന്നേറ്റപ്പോൾ വിവേകാനന്ദൻ സാർ എന്നോടു ചോദിച്ചു, ശ്രീധരന് തിരുവനന്തപുരത്തെ എഴുത്തുകാരിൽ ആരെയെങ്കിലും പരിചയമുണ്ടോ? ഇല്ല. ഇരിക്ക് എന്ന് ആംഗ്യം കാണിച്ചതിനുശേഷം വിവേകാനന്ദൻ സാർ നാലഞ്ച് സ്നേഹിതന്മാർക്ക് കത്തെഴുതിത്തന്നു. കേശവദേവിന്, കെ. സുരേന്ദ്രന്, മലയാറ്റൂർ രാമകൃഷ്ണന്, എൻ. മോഹനന്, താൻ ഇവരെയൊക്കെ ചെന്നു കാണ് എന്നു പറഞ്ഞ് വിവേകാനന്ദൻ സാറ് എന്നെ യാത്രയാക്കി.
ജഗതിയിൽ നിന്നു മടങ്ങിപ്പോരുന്ന വഴിക്കാണ് വഴുതക്കാട്. അവിടെ ഫോറസ്റ്റ് ഓഫീസ് ലെയിനിൽ കെ. സുരേന്ദ്രന്റെ നവരംഗം വീട്. അവിടെ ചെന്ന് ആദ്യം കെ. സുരേന്ദ്രനെ തന്നെ കാണാമെന്നു വച്ചു. അക്കാലത്തിനിടയിൽ ഞാൻ മായയും, താളവും, കാട്ടുകുരങ്ങുമൊക്കെ വായിച്ചുകഴിഞ്ഞു. ആ നോവലുകൾ ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത മനുഷ്യാനുഭങ്ങളിലേക്കുള്ള സഞ്ചാരമായിരുന്നു. ഞാൻ ചെന്ന് നവരംഗത്തിന്റെ ഗേറ്റിൽ മുട്ടി. ഉടുപ്പിടാത്ത ഒരാൾ വരാന്തയിലിരിക്കുന്നു.
അദ്ദേഹം എഴുന്നേറ്റുവന്ന് ഗേറ്റിനടുത്തു നിന്ന് കത്ത് വായിച്ചു. ' ഓ, പെരുമ്പടവം ശ്രീധരൻ. അഭയം. "
ഞാൻ തല കുലുക്കി. പിന്നെ ഗേറ്റ് തുറന്ന് അകത്തേക്കു വിളിച്ചു. ഞാൻ സുരേന്ദ്രൻ സാറിന്റെ മുമ്പിൽ ചെന്നിരുന്നു.
ആദ്യത്തെ ചോദ്യം:
''അഭയം എഴുതാൻ എന്തായിരുന്നു പ്രചോദനം?"
എന്ത് പ്രചോദനം! കഥ. ജീവിതത്തോടുള്ള ആസക്തിയിരിക്കെ അനിവാര്യമായ ദുർവിധിക്കു കീഴടങ്ങി മരണത്തിൽ അഭയം കണ്ടെത്തേണ്ടിവന്ന ഒരു മനുഷ്യാത്മാവിന്റെ മഹാസങ്കടം."
''അതു ശരി."" സുരേന്ദ്രൻ സാർ പറഞ്ഞു: ''അഭയത്തിലെ കഥാനായികയുടെ ഛായയിൽ ഒരെഴുത്തുകാരിയുണ്ടായിരുന്നു. അവരെ ശ്രീധരൻ അറിയുമായിരുന്നോ?"
''ഇല്ല. സാർ. സാറ് ഉദ്ദേശിച്ച എഴുത്തുകാരി രാജലക്ഷ്മിയെ ഞാൻ വായിച്ചിട്ടുണ്ട്. അത്രമാത്രം."
ഞാൻ വെറുതെ ചോദിച്ചെന്നു മാത്രം - എന്നു പറഞ്ഞെങ്കിലും സാറിന്റെ ചോദ്യങ്ങൾ തീരുന്നില്ല. ഒരാളെ കിട്ടിയാൽ അയാളുടെ അകം പുറങ്ങൾ വായിക്കുന്ന ശീലം സുരേന്ദ്രൻ സാറിനുണ്ടെന്ന് അന്നെനിക്കു മനസിലായി. തന്റെ നോവലിലെ ഒരു കഥാപാത്രത്തിന്റെ അന്തർഭാവങ്ങൾ അദ്ദേഹം എങ്ങനെയാണോ കുഴിച്ചെടുക്കുന്നത്, അങ്ങനെ.
പിന്നെ ഒരിക്കൽ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ വച്ച് സുരേന്ദ്രൻ സാറിനെ കണ്ടു. വാക്കുകൾക്കിടയിൽ സാറും ഞാനും പുസ്തകങ്ങൾ തെരയുകയായിരുന്നു. അതു കഴിഞ്ഞ് ഞാൻ പുറത്തേക്കു വരുമ്പോൾ സുരേന്ദ്രൻ സാർ അവിടെ എന്നെ കാത്തുനിൽക്കുന്നു. നടക്കുന്ന വഴിയിൽ പിന്നെയും വരുന്നു ചോദ്യങ്ങൾ. ശ്രീധരന് എന്താണിഷ്ടം? നോവലാണോ, നാടകമാണോ, പ്രബന്ധമാണോ, സഞ്ചാരസാഹിത്യമാണോ?
ഞാൻ പറഞ്ഞു: ''സാർ, എനിക്ക് കവിതയാണ് കൂടുതലിഷ്ടം. ഇടയ്ക്കു വഴി തിരിഞ്ഞ് കഥയിലും നോവലിലുമെത്തിയെന്നു മാത്രം."
''അഭയം വായിച്ചപ്പോൾ എനിക്കു മനസിലായി ശ്രീധരന്റെ മനസിന്റെ ചായ്വ് കവിതയോടാണെന്ന്.""
വഴുതക്കാട് വച്ച് വേർപിരിയുന്നതിനു മുമ്പ് സാർ എന്നെ കൈ കാണിച്ചു.
''അന്ന് ശ്രീധരൻ എന്നെ കാണാൻ വീട്ടിൽ വന്നപ്പോൾ ഒരു കാര്യം പറയാൻ വിട്ടുപോയി. തന്റെ അഭയത്തെക്കുറിച്ച് കുറ്റിപ്പുഴ സാറെഴുതിയത് എനിക്കും സമ്മതം. ഭാവഗീതത്തിന്റെ ഭംഗിയുണ്ടതിന്."
എനിക്ക് ആ കാല്ക്കൽ വീഴാൻ തോന്നി.
പ്രമേയ വൈവിദ്ധ്യം കൊണ്ടും ആഖ്യാനരീതി കൊണ്ടും അത്യന്തം മൗലികത പുലർത്തുന്ന നോവലുകൾ സുരേന്ദ്രൻ സാറിനെ മലയാളത്തിലെ ഏറ്റവും മികച്ച നോവലിസ്റ്റുകളുടെ നിരയിലേക്കുയർത്തി. മലയാള നോവലിൽ ചിന്തയുടെ ഭാരം ഒരു ലാവണ്യാനുഭവമായി രൂപപ്പെട്ടത് സുരേന്ദ്രൻ സാറിന്റെ നോവലിലാണ്. സ്വന്തം ചിന്തയുടെയും നിലപാടുകളുടെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നിന്ന കഥാപാത്രങ്ങൾ ചിലപ്പോൾ തങ്ങളോടു തന്നെ ഇടഞ്ഞുനില്ക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളുടെ കൂട്ടത്തിൽ പരിഗണിക്കപ്പെടുന്ന 'മരണം ദുർബല"ത്തിൽ കാലത്തിന്റെ പ്രക്ഷുബ്ധത അനുഭവിക്കുകയും ദുസ്സഹമായ അന്തർവ്യഥ കൊണ്ടു വിങ്ങിപ്പൊട്ടുകയും ചെയ്യുന്ന കഥാപാത്രങ്ങളെ നാം കാണുന്നു.
കൂട്ടത്തിൽ ഒറ്റപ്പെട്ടുനില്ക്കുന്ന 'ഗുരു" ഒരു കാലത്തിന്റെ സുവർണ ഗോപുരമായി തോന്നിപ്പിക്കുന്നു.
ടോൾസ്റ്റോയിയുടെയും ദസ്തയേവ്സ്കിയുടെയും ആശാന്റെയും ജീവചരിത്രങ്ങൾ, മലയാളത്തിലെ ആധികാരിക ജീവിത പഠനങ്ങളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഒരു ദിവസം വൈകുന്നേരം ഒന്നിച്ചു നടക്കുന്നതിനിടയിൽ ഞാൻ സുരേന്ദ്രൻ സാറിനോട് ഒരു സംശയം പറഞ്ഞു:
''സാർ, ദസ്തയേവ്സ്കിയുടെ കഥകളൊക്കെ വായിച്ചു കഴിഞ്ഞപ്പോൾ എനിക്കൊരു സംശയം, ദസ്തയേവ്സ്കി സൃഷ്ടിച്ച ഏതു കഥാപാത്രത്തെയുംകാൾ മികച്ചത് കഥാകൃത്ത് തന്നെയല്ലേ എന്ന്."
സാറ് എന്റെ നേരെ തിരിഞ്ഞുനിന്നു.
''ശ്രീധരൻ പറഞ്ഞത് ശരിയാ. ഞാനിതുവരെ അങ്ങനെ ചിന്തിച്ചില്ല."
അപ്പോൾ ഞാൻ മറ്റൊരു ചോദ്യവും ചോദിച്ചു.
''ദസ്തയേവ്സ്കിയെ കഥാപാത്രമാക്കി ഞാനൊരു നോവലെഴുതിയാലോ?"
''അതു നല്ല ഒരൈഡിയയാണ്. ശ്രീധരൻ എഴുത്."
അന്നെനിക്ക് ഒരു നോവലെഴുതേണ്ട അത്യാവശ്യമുണ്ടായിരുന്നു. മൂന്ന് മൂന്നര മാസം കൊണ്ട് ഞാൻ ദസ്തയേവ്സ്കിയുടെ ജീവിതം വച്ച് ഒരു നോവലെഴുതി. ഇത് സാറൊന്നു വായിച്ചുനോക്കിയാൽ നന്നായിരിക്കുമെന്ന് എനിക്കു തോന്നി. നോവലിന്റെ കൈയെഴുത്തു പ്രതിയും കൊണ്ടു ചെന്നപ്പോൾ സാറിനു നല്ല സുഖമില്ല. ''വിശേഷാൽ പ്രതിക്കയച്ചുകൊടുക്ക്. അച്ചടിച്ചു വന്നിട്ട് ഞാൻ വായിക്കാം"- എന്നു പറഞ്ഞ് സാറെന്നെ മടക്കി.
സ്വല്പം നിരാശയോടെ ഞാൻ തിരികെ പോന്നു. നോവൽ അച്ചടിച്ചു വന്ന വാർഷിക പതിപ്പിന്റെ ഒരു കോപ്പിയുമായി ഞാൻ വീണ്ടും ചെന്നു. നോവൽ ദസ്തയേവ്സ്കിയെക്കുറിച്ചാണ്." സുരേന്ദ്രൻ സാറ് വായിച്ച് ഒരിഭിപ്രായം പറഞ്ഞാലേ എനിക്കു സമാധാനമാകൂ. നോവലിനെക്കുറിച്ച് സാറിനു അഭിപ്രായമില്ലെങ്കിൽ ഞാനത് കീറിക്കളയാം."
നാലഞ്ചു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം സുരേന്ദ്രൻ സാറെന്നെ വിളിച്ചു. ''നമുക്കിന്ന് വൈകുന്നേരം നടക്കാൻ പോയാലോ?" എനിക്കു സമ്മതം. നാല് മണിക്ക് പൂജപ്പുര മണ്ഡപത്തിലേക്കു ചെല്ലാൻ പറഞ്ഞു: സാറ് ഫോൺ വച്ചു. അങ്ങനെയാണ് പതിവ്. വൈകുന്നേരം പൂജപ്പുര മണ്ഡപത്തിൽ നിന്നാണ് ഞങ്ങളൊന്നിച്ച് നടക്കാൻ പോകാറ്. നാലുമണിക്ക് ഞാൻ പൂജപ്പുര മണ്ഡപത്തിൽ ചെന്നപ്പോൾ സാറവിടെ വന്നിരിപ്പുണ്ട്. 'വാ, നമുക്ക് നടക്കാൻ പോകാമെന്ന് പറഞ്ഞപ്പോൾ" സാറ് കൈ കാണിച്ച് എന്നോട് ഇരിക്കാൻ പറഞ്ഞു. പിന്നെ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു: ''ഞാൻ ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ വായിച്ചു. ഇറ്റീസ് എ ഗ്രേറ്റ് വർക്ക്." ഞാൻ അറിയാതെ നടുങ്ങിപ്പോയി. തുടർന്നു പറഞ്ഞു: ''ഹൃദയത്തിനു മേൽ ദൈവത്തിന്റെ കൈയൊപ്പ് എന്നൊക്കെ ഏതു നിമിഷത്തിലാണ് എഴുതാൻ തോന്നിയത് ശ്രീധരാ? ശ്രീധരൻ എന്തനുഭവിച്ചിട്ടുണ്ടാവും ആ നിമിഷങ്ങൾ സൃഷ്ടിക്കാൻ." അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. ''നോവലിന് എന്തെങ്കിലും കുറ്റമോ കുറവോ ഉണ്ടെങ്കിൽ പറ, ഞാനത് തിരുത്താൻ നോക്കാം." പെട്ടെന്ന് ശുണ്ഠിയെടുക്കും പോലെ സുരേന്ദ്രൻ സാറ് പറഞ്ഞു: ''ഞാൻ മലയാളത്തിലെ ഒരു മേജർ റൈറ്ററോടാണ് സംസാരിക്കുന്നത്. അത് ആ ഗൗരവത്തോടെ കേൾക്കാൻ തയ്യാറല്ലെങ്കിൽ ഞാൻ നിർത്താം."
സുരേന്ദ്രൻ സാറിന് സുഖമില്ലാതെ കിടക്കുന്നതറിഞ്ഞ് ഞാൻ പി. രവികുമാറിനെ വിളിച്ചു. സാറിനെ പോയി കാണണം. വൈകുന്നേരം വരാമെന്ന് രവി പറഞ്ഞു. ഞാനും രവികുമാറും കൂടി ചെല്ലുമ്പോൾ സാറിന്റെ അവസ്ഥ ഞാൻ വിചാരിച്ചതിനേക്കാൾ കൂടുതലായിരുന്നു. മക്കൾ ശ്രീലതയും രാജേന്ദ്രനും, സുധീന്ദ്രനുമൊക്കെ അടുത്തുണ്ടെങ്കിലും ഒരു മുസ്ളിം പെൺകുട്ടി എപ്പോഴും അടുത്തുണ്ട്. ആ കുട്ടി ഒരു മുത്തച്ഛനെ നോക്കുന്നത് പോലെയാണ് സുരേന്ദ്രൻ സാറിനെ നോക്കുന്നത്. സാറ് പറഞ്ഞു: ''എന്റെ പേരക്കുട്ടിയെപ്പോലെയാണ് അവൾ. ഞാനും രവികുമാറും സാറിന്റെ അടുത്തിരുന്നു.
ആ അവസ്ഥയ്ക്കിടയിൽ സാറിനോടൊന്നും ചോദിക്കാൻ തോന്നുന്നില്ല. സാറ് ഞങ്ങളെ രണ്ടുപേരെയും നോക്കിക്കിടക്കുന്നു. ആ മനസിൽ എന്താണ് ഇളകിമറിയുന്നതെന്ന് സങ്കല്പിക്കാൻ കഴിയുന്നില്ല. ഇപ്പോൾ കരയും എന്ന മട്ടിലാണ് രവികുമാർ. രവികുമാറിനെ അത്ര ഇഷ്ടമായിരുന്നു സാറിന്. എന്റെ കൈയെടുത്തു തഴുകിപ്പിടിച്ചുകൊണ്ട് സാറ് പറഞ്ഞത് എനിക്കിപ്പോഴും ഓർമ്മയുണ്ട് : ''അസൂയാലുക്കളുടെ പാഴ്വാക്കുകൾ ഗൗനിക്കണ്ട. സങ്കീർത്തനം അതിന്റെ യാത്ര തുടർന്നോളും, ആരുടെയും പുകഴ്ത്തലില്ലാതെ തന്നെ."
പിന്നെ ഒരു ദിവസം ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ ഭാസുരചന്ദ്രനും രവികുമാറും എന്നെ വിളിച്ചു പറഞ്ഞു: ''സുരേന്ദ്രൻ സാറ് പോയി." എന്റെ മനസിൽ ഒരു കൊടുമുടി ഇടിഞ്ഞുവീണതുപോലെ തോന്നി. ഇനി ആരാ ഉള്ളത് ഇങ്ങനെ സ്നേഹിക്കാൻ?