തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ പരിസ്ഥിതി നിരീക്ഷണ സെല്ലിൽ ചട്ടവിരുദ്ധമായി നടത്തിയ ലോ ഓഫീസർ നിയമനവും വിവാദത്തിൽ.
നിയമ വകുപ്പിന്റെ അഭിപ്രായമാരാഞ്ഞിട്ടേ ഇത്തരം നിയമനമാകാവൂ എന്ന സെക്രട്ടേറിയറ്റ് മാന്വൽ മറികടന്ന് ചീഫ് സെക്രട്ടറി സ്വന്തം നിലയ്ക്ക് നിയമനം നടത്തിയതാണ് ആക്ഷേപത്തിനിടയാക്കിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെ വിജിലൻസ് അഡിഷണൽ ലീഗൽ അഡ്വൈസർ എൽ.ആർ. രഞ്ജിത് കുമാറിനെയാണ് വർക്കിംഗ് അറേഞ്ച്മെന്റിൽ നിയമിച്ചത്. ദേശീയ ഹരിത ട്രിബ്യൂണലുമായി ബന്ധപ്പെട്ട കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് പരിചയവും കാര്യക്ഷമതയുമുള്ള ലീഗൽ ഓഫീസർ വേണമെന്ന് നിയമന ഉത്തരവിൽ പറയുന്നു.അതേ സമയം, പുതിയ ചീഫ്സെക്രട്ടറിക്കെതിരെയുള്ള പരിസ്ഥിതിസംബന്ധമായ കേസുകൾ അട്ടിമറിക്കാനാണ് വഴിവിട്ട നിയമനമെന്ന ആക്ഷേപം പ്രതിപക്ഷസംഘടനകൾ ഉയർത്തുന്നു.