കൊല്ലം: ഭാര്യ പൊള്ളലേറ്റ് മരിച്ച കേസിൽ ഭർത്താവിനെ മൂന്നുവർഷം കഠിന തടവിന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചു. തേവലക്കര വില്ലേജിൽ അരിനല്ലൂർ മുറിയിൽ കുളങ്ങര കിഴക്കതിൽ വീട്ടിൽ അഭിലാഷിനെയാണ് (32) ശിക്ഷിച്ചത്. 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം.
പീഡനം സഹിക്കവയ്യാതെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ ഭാര്യ ദർശനയ്ക്ക് നേരെ അഭിലാഷ് എടുത്തുവീശിയ വിറക് കൊള്ളിയിൽ നിന്ന് തീ പടർന്നായിരുന്നു മരണം. മൈനാഗപ്പള്ളിയിലെ വാടക വീട്ടിൽ താമസിക്കുന്നതിനിടെ 2012 ജനുവരി 4ന് രാവിലെ പത്തോടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ദർശനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസം കഴിഞ്ഞ് മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മരണമൊഴിയാണ് കേസിൽ നിർണായകമായത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ദർശനയുടെ മരണമൊഴിയും സാഹചര്യ തെളിവുകളും പരിഗണിച്ചാണ് വിചാരണ കോടതി വിധി പറഞ്ഞത്. പ്രോസിക്യൂഷൻ 17 സാക്ഷികൾക്കൊപ്പം 17 രേഖകളും തെളിവായി ഹാജരാക്കി. ശാസ്താംകോട്ട സി.ഐ എ.പ്രസാദായിരുന്നു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.