ഇന്ത്യയിൽ പീപ്പിൾ കാർഡ് അവതരിപ്പിച്ച് ഗൂഗിൾ. ഗൂഗിളിൽ സ്വന്തം പേര് അടിച്ച് നോക്കാത്തവർ ഒരുപക്ഷേ ഉണ്ടാകില്ല. എന്റെ പേര് തിരയുമ്പോൾ എന്താണ് വരിക എന്ന ആകാംക്ഷയാണ് അതിന് പിന്നിൽ. അപ്പോൾ നമ്മുടെ പേരുമായി സാമ്യമുള്ള പ്രശസ്തരായ ആളുകളെയായിരിക്കും നമുക്ക് കാണാൻ സാധിക്കുക. എന്നാൽ ഇനിമുതൽ നിരാശ വേണ്ട. ഇത്തരത്തിൽ സെർച്ച് ചെയ്യുമ്പോൾ പ്രമുഖരുടെ മാത്രമല്ല നിങ്ങളെയും എളുപ്പത്തിൽ മറ്റൊരാൾക്ക് കണ്ടെത്താൻ സാധിക്കും. എങ്ങനെയാണെന്നല്ലേ?
ഓൺലൈനിൽ കൂടുതൽ എളുപ്പത്തിൽ ആളുകളെ കണ്ടെത്താൻ സഹായിക്കുന്ന തരത്തിലുള്ള പീപ്പിൾ കാർഡുകൾ ഗൂഗിൾ സമാരംഭിച്ചു. ഒരാളെ തിരയുമ്പോൾ വേഗത്തിൽ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന വെർച്വൽ വിസിറ്റിംഗ് കാർഡുകളാണ് പീപ്പിൾ കാർഡുകൾ.
ഉപയോക്താക്കൾക്ക് സെർച്ചിംഗിനായി ഒരു വെർച്വൽ വിസിറ്റിംഗ് കാർഡ് സൃഷ്ടിക്കാൻ കഴിയും. അതുവഴി അവരുടെ നിലവിലുള്ള വെബ്സൈറ്റ്, സോഷ്യൽ പ്രൊഫൈലുകൾ, ലൊക്കേഷൻ മുതലായവയും, താൽപ്പര്യമുണ്ടെങ്കിൽ ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവപോലുള്ള വിവരങ്ങളും ഇതിൽ ഹൈലൈറ്റ് ചെയ്യാൻ കഴിയും. ഇതുവഴി എളുപ്പത്തിൽ ഒരാളെ കണ്ടെത്താം.
ഇന്ന് മുതൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം പീപ്പിൾ കാർഡുകൾ സൃഷ്ടിക്കാനും മറ്റ് ആളുകളുടെ കാർഡുകൾ അവരുടെ സ്മാർട്ട്ഫോണുകളിൽ കാണാനും കഴിയും.ഈ സവിശേഷത നിലവിൽ നിങ്ങളുടെ സ്മാർട്ട്ഫോണുകളിലെ ഗൂഗിൾ സെർച്ചിൽ മാത്രമേ ലഭ്യമാകൂ. ഇത് വെബിൽ ലഭ്യമല്ല. കാർഡുകളും ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ഉള്ളൂ. കാലക്രമേണ കൂടുതൽ ഭാഷകളിൽ വന്നേക്കാം.
നിങ്ങൾക്ക് എങ്ങനെ ഒരു കാർഡ് ഉണ്ടാക്കാം?
ഒരു പീപ്പിൾ കാർഡ് സൃഷ്ടിക്കുന്നത് വളരെ എളുപ്പമാണ്. ആദ്യം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്യുക. ശേഷം 'add me to search' എന്ന് ടൈപ്പ് ചെയ്യുക.
ലഭിക്കുന്ന റിസൽട്ടിൽ നിങ്ങളുടെ വിവരങ്ങൾ ചേർക്കുക.അവിടെ നിന്ന് നിങ്ങളുടെ കാർഡ് സൃഷ്ടിക്കുന്നതിലേക്ക് പോകാം.
ശേഷം ഫോട്ടോ തിരഞ്ഞെടുക്കുക (നിങ്ങൾക്ക് വേണമെങ്കിൽ), ഒരു വിവരണം ചേർക്കുക, നിങ്ങളുടെ വെബ്സൈറ്റുകളുടെയും, സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെയും ലിങ്കുകൾ ചേർക്കുക. കൂടാതെ ഒരു ഫോൺ നമ്പറും ഇമെയിൽ ഐഡിയും ( നിങ്ങൾക്ക് വേണമെങ്കിൽ) ചേർക്കാം.
ഉപയോക്താക്കൾക്ക് ഒരേ പേരുണ്ടാകുമ്പോൾ എന്തുസംഭവിക്കും?
കോടിക്കണക്കിനാളുകൾ ഉള്ള നമ്മുടെ രാജ്യത്ത് ഒരുപാടാളുകൾക്ക് ഒരേ പേരുകൾ ഉണ്ടാകും. അവ എങ്ങനെ വേർതിരിക്കാനാകും? ഗൂഗിളിൽ ഒരാളെ സെർച്ച് ചെയ്യുമ്പോൾ അയാൾക്ക് / അവൾക്ക് ഒരു പീപ്പിൾ കാർഡ് ഉണ്ടെങ്കിൽ, പേര്, തൊഴിൽ, ലെക്കേഷൻ വിവരങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു മൊഡ്യൂളായി മാറും. കൂടാതെ, കാർഡിൽ ചിത്രമുണ്ട്. ഇത് തിരയുന്നവർക്ക് ഈ വിവരങ്ങളിലൂടെ എളുപ്പം കണ്ടെത്താം.