ദാഹോദ് : ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ സാൻഗാസർ ഗ്രാമത്തിൽ 7 വയസുകാരിയെ പുലി കടിച്ചുകൊന്നു. ഈ മാസം ഇവിടെ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പെൺകുട്ടി. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്നും കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ട് പോകുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ പകുതി ഭക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.
ആഗസ്റ്റ് 8ന് ഇതേ താലൂക്കിൽ തന്നെ ഒരു കുട്ടിയെ പുലി കൊന്നിരുന്നു. ജൂൺ 26ന് സമീപ ഗ്രാമമായ ഖജൂരിയിൽ ഒരു ആട്ടിടയനെയും പുലി കൊന്നിരുന്നു. ദാഹോദ് ജില്ലയിൽ ജൂലായ് - ഓഗസ്റ്റ് കാലയളവിൽ നിരവധി പേരാണ് പുലിയുടെ ആക്രമണത്തിനിരയായത്. ഇവിടുത്തെ വനപ്രദേശത്ത് രണ്ട് ഡസനോളം പുലികളുണ്ടെന്നാണ് പറയുന്നത്. ജനവാസകേന്ദ്രങ്ങൾക്ക് സമീപം നാട്ടിലിറങ്ങുന്ന പുലികളെ വീഴ്ത്താൻ കെണികൾ സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഇത്തരമൊരു കെണിയിൽ ഒരു പുലി കുടുങ്ങിയിരുന്നു. ഈ പുലി തന്നെയാണോ കുട്ടിയെ കൊന്നതെന്ന് വ്യക്തമല്ല.