അഹമ്മദാബാദ്: ഭാര്യ ലൈംഗിക ബന്ധത്തിന് തയ്യാറാകാത്തത് കാരണം ഭർത്താവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്ത സുരേന്ദ്ര സിംഗിന്റെ അമ്മ മുലി പർമർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ശാരീരികബന്ധം നിഷേധിക്കപ്പെട്ടതിൽ മനംനൊന്താണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്ന മാതാവിന്റെ പരാതിയിൽ ഇവരുടെ മരുമകൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സിംഗിന്റെ ഭാര്യ മണിനഗർ സ്വദേശിയായ 32കാരി ഗീത പാർമർക്കെതിരെ ഷഹർകോട്ട പൊലീസാണ് കേസ് ചാർജ് ചെയ്തത്.
വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും ശാരീരിക ബന്ധം പുലർത്താൻ യുവതി അനുവദിച്ചിരുന്നില്ലെന്നും ഇതിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നും മുലി പർമർ പറയുന്നു. റെയിൽവേ ജീവനക്കാരനായിരുന്ന സുരേന്ദ്ര സിംഗ് 2018 ഒക്ടോബറിലാണ് ഗീതയെ വിവാഹം കഴിച്ചത്. സുരേന്ദ്ര സിംഗിന്റേത് രണ്ടാം വിവാഹമായിരുന്നു.
ഗീതയും മുൻപ് രണ്ടു തവണ വിവാഹിതയായിട്ടുള്ളയാളാണ്. 2016ലാണ് സിംഗ് തന്റെ ആദ്യ വിവാഹബന്ധം വേർപെടുത്തിയത്. ഭാര്യ തന്നോടൊപ്പം ശാരീരിക ബന്ധം പുലർത്താൻ തയ്യാറാകുന്നില്ലെന്ന് മകൻ നേരിട്ട് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇക്കാരണം കൊണ്ട് അയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും മുലി പർമർ വിശദീകരിക്കുന്നു.
നിസാര കാര്യങ്ങൾക്കു പോലും ഇരുവരും തമ്മിൽ വഴക്കിടുമായിരുന്നുവെന്നും തുടർന്ന് ഗീത സ്വന്തം വീട്ടിലേക്ക് പോയി. ഫോൺ വിളിച്ചാൽ പോലും ഗീത എടുക്കാതിരുന്നതോടെ സുരേന്ദ്ര സിംഗ് വിഷാദാവസ്ഥയിലായി ആത്മഹത്യാ ചെയ്യുകയായിരുന്നുവെന്നും സിംഗിന്റെ അമ്മ പറയുന്നു. ജൂലായ് 27നാണ് സുരേന്ദ്രസിംഗിനെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.