കോഴിക്കോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ റെയ്ഡിൽ 60 ലിറ്റർ ചാരായം, 345 ലിറ്റർ വാഷ്, 12 വിദേശമദ്യം, 50 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെത്തി. വടകര മണിയൂർ പഞ്ചായത്തിലെ കരുവഞ്ചേരി കളരിക്കുന്ന് മലയിലും ഏറാമല പഞ്ചായത്തിലെ കൈക്കണ്ടത്തും എക്സൈസ് ഇൻസ്പെക്ടർ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 235 ലിറ്റർ വാഷും, 60 ലിറ്റർ ചാരായവും പിടികൂടി. പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടിയും കോഴിക്കോട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ റെയ്ഡിൽ നടുവണ്ണൂർ കൂവഞ്ചേരി മീത്തൽ സജീഷ് എന്നയാളിൽ നിന്ന് 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. കൊയിലാണ്ടി ഇൻസ്പെക്ടർ പി. സുരേഷിന്റെ നേതൃത്വത്തിൽ ചെങ്ങോട്ട്കാവ് നടത്തിയ റെയ്ഡിൽ തൂവ്വക്കാട്ട് പറമ്പിൽ രാജനിൽ നിന്ന് 60 ലിറ്റർ വാഷ് പിടികൂടി കേസെടുത്തു. അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വച്ചതിന് വാഴയൂർ പടിഞ്ഞാറെ കുമ്മഞ്ചേരി വീട്ടിൽ നിബിൽ ഉണ്ണി, കൊയിലാണ്ടി ചാനിയംകടവ് ദേശത്ത് നെരവത്ത് വീട്ടിൽ കൈലേഷ് എന്നിവർക്കെതിരെ അബ്കാരി കേസെടുത്തു. ജില്ലാ എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നടക്കാവ് തുണ്ടത്തിൽ സംഗീത് മോൻസിന്റെ പക്കലിൽ നിന്ന് 50 ഗ്രാം കഞ്ചാവ് പിടികൂടി. ഓണത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങൾ തടയുന്നതിനായി സെപ്തംബർ 10 വരെ മുഴുവൻ സമയ കൺട്രോൾ റൂമും രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സുകളും ആരംഭിച്ചു. വിവരങ്ങൾ 0495-2372927 എന്ന നമ്പറിൽ അറിയിക്കാമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ താജുദ്ദീൻകുട്ടി അറിയിച്ചു.