ദുദുവ: പത്ത് ദിവസം ഭക്ഷണം കഴിക്കാനാവാതെ അലഞ്ഞ കടുവ ഒടുവിൽ മരണത്തിന് കീഴടങ്ങി. കഴുത്തിൽ നൈലോൺ വയർ കുടുങ്ങി വലഞ്ഞ പെൺകടുവയ്ക്ക് വെള്ളമോ ഭക്ഷണമോ കഴിക്കാൻ സാധിച്ചിരുന്നില്ല. പത്ത് ദിവസത്തോളം യാതന അനുഭവിച്ചാണ് കടുവ മരണത്തിന് കീഴടങ്ങിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉത്തർപ്രദേശിലെ ദുദുവ ദേശീയോദ്യാനത്തിലാണ് സംഭവം.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കടുവയുടെ കഴുത്തിൽ നൈലോൺ വയർ കുടുങ്ങിയത്. ഇതുമൂലം പത്ത് ദിവസത്തോളം വെള്ളമോ ഭക്ഷണമോ കഴിക്കാൻ കടുവയ്ക്ക് സാധിച്ചിരുന്നില്ല. കടുവയുടെ വയറ്റിൽ ഭക്ഷണത്തിന്റെ ചെറിയ അംശം പോലുമുണ്ടായിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നൈലോൺ വയർ മുറുകിയുണ്ടായ മുറിവിൽ പുഴുവരിക്കുന്ന നിലയിലായിരുന്നു.
കാടിന് ചേർന്നുള്ള കൃഷിയിടങ്ങളിലെ കർഷകരാണ് വന്യജീവികളെ നേരിടാൻ നൈലോൺ വയർ ഉപയോഗിക്കുന്നത്. കെണിയിൽ കുടുങ്ങിയതോടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കഴുത്തിൽ കുരുക്ക് മുറുകിയതാകാമെന്നാണ് പ്രാഥമിക നിഗമനം.