കൊച്ചി: രാജ്യത്തെ മികച്ച മിഡ് ഫീൽഡർമാരിൽ മുൻനിരക്കാരനായ സഹൽ അബ്ദുൾ സമദ് അഞ്ചുവർഷത്തേക്കുകൂടി ഐ.എസ്.എൽ ഫുട്ബാൾ ക്ളബ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. 2025വരെയാണ് ക്ളബുമായുള്ള കരാർ സഹൽ ദീർഘിപ്പിച്ചത്.
കണ്ണൂർ സ്വദേശിയായ ഈ 23 കാരൻ യു.എ.ഇയിലെ അൽഐനിലാണ് ജനിച്ചത്. എട്ടാംവയസിൽ അബുദാബിയിലെ അൽഇത്തിഹാദ് സ്പോർട്സ് അക്കാഡമിയിൽ ഫുട്ബാൾ കളിക്കാൻ ആരംഭിച്ചു. ഇന്ത്യയിലെത്തിയതിനുശേഷം കണ്ണൂരിലെ യൂണിവേഴ്സിറ്റി തലത്തിൽ ഫുട്ബാൾ കളിക്കുന്നത് തുടർന്നു. മികച്ച പ്രകടനങ്ങളെത്തുടർന്ന് അണ്ടർ 21 കേരള ടീമിലും സന്തോഷ് ട്രോഫി ടീമിലും ഇടംലഭിച്ചു. 2019 മാർച്ചിൽ ദേശീയ അണ്ടർ -23 ടീമിനൊപ്പം ചേർന്ന സഹൽ അതേവർഷം ജൂണിൽ കുറകാവോയ്ക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തിൽ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു.
2017-18 സീസണിൽ ബ്ളാസ്റ്റേഴ്സിന്റെ ബി ടീമിലായിരുന്നു സഹലിന്റെ മഞ്ഞപ്പടയിലേക്കുള്ള കടന്നുവരവ്. 2018 സീസണിൽ സീനിയർ ടീമിലേക്കെത്തി. എ.ടി.കെയ്ക്ക് എതിരായ മത്സരത്തിൽ ഡിമിത്രി ബർബറ്റോവിന്റെ പകരക്കാരനായിട്ടായിരുന്നു ഐ.എസ്.എൽ അരങ്ങേറ്റ മത്സരം. ഇതുവരെ 37 മത്സരങ്ങൾ ബ്ളാസ്റ്റേഴ്സിനായി കളിച്ച സഹൽ ഒരു ഗോളാണ് നേടിയിട്ടുള്ളത്.