ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,068,957 ആയി ഉയർന്നു. മരണസംഖ്യ 752,721 ആയി. ഒരു കോടി 38 ലക്ഷം പേർ രോഗമുക്തി നേടി.അമേരിക്കയിൽ അരലക്ഷത്തോളം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,414,600 ആയി.
അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 170,373 പേരാണ് മരിച്ചത്. 2,836,523 പേർ സുഖം പ്രാപിച്ചു. ബ്രസീലിൽ കഴിഞ്ഞ ദിവസം അരലക്ഷത്തിൽ കൂടുതലാളുകൾക്കൊണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,229,621 ആയി. 105,564 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 2,356,640 പേർ രോഗമുക്തി നേടി.
ന്യൂസിലൻഡിൽ പുതുതായി 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഓക്ലൻഡിൽ തന്നെയാണ് പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മൂന്നു മാസത്തിനു ശേഷം ഓക്ലൻഡിലെ ഒരു കുടുംബത്തിൽ നാല് പേർക്ക് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 13 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരെ ക്വാറന്റൈനിലാക്കി.
ഇന്ത്യയിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.കഴിഞ്ഞ ദിവസം അറുപത്തിയാറായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 24 ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 56,383 പേർ രോഗമുക്തി നേടി. ആകെ മരണം 47,033 ആയി ഉയർന്നു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും, കേന്ദ്ര സ്ഥാപനങ്ങൾക്കും 3.04 കോടിയിലധികം എൻ 95 മാസ്കുകളും 1.28 കോടിയിലധികം പി.പി.ഇ. കിറ്റുകളും സൗജന്യമായി വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.