SignIn
Kerala Kaumudi Online
Thursday, 03 December 2020 6.13 AM IST

വിമാന വേഗത്തിൽ വികസനത്തിന് കൊല്ലം റെയിൽവെ സ്റ്റേഷൻ

railway-station

കൊല്ലത്തിന്റെ വികസനത്തിൽ നിർണായക സ്വാധീനമായിരുന്ന റെയിൽവേ സ്റ്റേഷന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു വിരിയുകയാണ്. കൊല്ലം റെയിൽവെ സ്റ്റേഷൻ വിമാനത്താവളം മാതൃകയിൽ വികസിപ്പിക്കാൻ പോകുന്നുവെന്ന വാർത്തയാണിപ്പോൾ പ്രതീക്ഷയാകുന്നത്. ദക്ഷിണ റെയിൽവെയിൽ ഇത്തരം വികസനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഏഴ് റെയിൽവെ സ്റ്റേഷനുകളിലൊന്നാണ് കൊല്ലം എന്നത് വികസനപ്രേമികളെ സന്തോഷിപ്പിക്കുന്നു. സംസ്ഥാനത്ത് എറണാകുളം ടൗൺ സ്റ്റേഷനാണ് ഇതിലുൾപ്പെട്ട മറ്റൊരു സ്റ്റേഷൻ. ഏഴ് സ്റ്റേഷനുകളുടെ വികസനത്തിനായി വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കാൻ റെയിൽവെ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റി (ആർ.എൽ.ഡി.എ) താത്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. കൊല്ലം റെയിൽവെ സ്റ്റേഷനിൽ ലഭ്യമായ സ്ഥലം വാണിജ്യാവശ്യങ്ങൾക്കായി ദീർഘകാല പാട്ടത്തിന് നൽകി സ്റ്റേഷനിലെ സൗകര്യങ്ങൾ പൊതു,സ്വകാര്യ പങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുകയാണ് ആർ.എൽ.ഡി.എ ലക്ഷ്യമിടുന്നത്. കന്യാകുമാരി, കാട്പാഡി, മധുര, മംഗളൂരു ജംഗ്ഷൻ, രാമേശ്വരം എന്നിവയാണ് ഇത്തരത്തിൽ വികസിപ്പിക്കുന്ന മറ്റു സ്റ്റേഷനുകൾ.

ലഭിക്കുന്ന സൗകര്യങ്ങൾ

വിമാനത്താവളങ്ങളിലേതുപോലെ രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. യാത്രക്കാർക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേക വഴികൾ, അത്യാധുനിക സൗകര്യങ്ങളോടെ പ്ളാറ്റ്ഫോമുകൾ, ഫുഡ് കോർട്ടുകൾ, പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകൾ, മാളുകൾ എന്നിവയൊക്കെ വരും. യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് ചാർജിനത്തിൽ കൂടുതൽ തുക നൽകേണ്ടി വരില്ലെങ്കിലും സ്റ്റേഷനിലെ ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കാൻ വൻതുക നൽകേണ്ടിവരുമോ എന്ന കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. ഏറ്റവുമധികം ഭൂമി സ്വന്തമായുള്ള സ്റ്റേഷൻ കൂടിയാണ് കൊല്ലം. കോടികൾ വിലമതിക്കുന്ന ഈ ഭൂമിയും അനുബന്ധ വസ്തുക്കളും സ്വകാര്യ സംരംഭകർക്ക് വിട്ടുകൊടുക്കേണ്ടിവരും. ദീർഘകാലാടിസ്ഥാനത്തിൽ പാട്ടത്തിനാകും ഇത് നൽകേണ്ടി വരിക. ഭൂമി വിട്ടുകൊടുക്കുന്നതിനു പകരമായി സ്റ്റേഷൻ പരിസരവും പ്ളാറ്റ്ഫോമുകളും പരിപാലിക്കുക, വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നത് മാത്രമായിരിക്കും സ്വകാര്യസംരംഭകരുടെ ഉത്തരവാദിത്വം.

പ്രതിവർഷ വരുമാനം

60 കോടിയിലേറെ

കൊവിഡ് വ്യാപനത്തെ തുടർന്ന് ട്രെയിൻ സ‌ർവീസുകൾ നിറുത്തി വയ്ക്കുന്നതിനു മുമ്പ് പ്രതിവർഷം യാത്ര, ചരക്ക് കടത്ത് കൂലിയിനത്തിൽ 60 കോടി രൂപയിലേറെയാണ് കൊല്ലത്തെ വരുമാനം. കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷന് 20 ഏക്കറോളം ഭൂമി സ്വന്തമായുണ്ട്. ഇതിൽ നല്ലൊരു ഭാഗം ഭൂമിയും ആർ.എൽ.ഡി.എ അംഗീകരിക്കുന്ന സ്വകാര്യ സംരംഭകർക്ക് നൽകേണ്ടിവരും. ദീർഘകാല പാട്ടത്തിന് ഇത്രയും സ്ഥലം സ്വകാര്യ സംരംഭകർക്ക് വിട്ടുനൽകേണ്ടി വരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് റെയിൽവെയിലെ വിവിധ ട്രേഡ്‌യൂണിയനുകളുടേത്. എന്നാൽ സ്വകാര്യപങ്കാളിത്തത്തോടെ റെയിൽവെസ്റ്റേഷൻ വികസനം സാദ്ധ്യമായാൽ അത് കൊല്ലം നഗരത്തിന്റെ തന്നെ വികസനത്തിന് നാന്ദിയാകുമെന്നാണ് ജനപ്രതിനിധികളടക്കമുള്ളവർ പറയുന്നത്. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന കൊല്ലം നഗര വികസനത്തിന് തടസ്സമായി നിൽക്കുന്നത് റെയിൽവെ സ്റ്റേഷനാണ്. സ്റ്റേഷന്റെ കിടപ്പനുസരിച്ച് നഗരവികസനം അസാദ്ധ്യമാണ്. അതിനാൽ റെയിൽവെ സ്റ്റേഷനിലുണ്ടാകുന്ന വികസനമാണ് ഇനിയുള്ള പ്രതീക്ഷയെന്നാണ് എൻ.കെ പ്രേമചന്ദ്രൻ എം.പി പറയുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനം ഇത്തരം കാര്യങ്ങളിലുണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം പറയുന്നു. പുതിയ ഹോട്ടലുകളും മാളുകളും മൾട്ടി ലവൽ വാഹനപാർക്കിംഗ് സൗകര്യം അടക്കമുള്ളവ യാഥാർത്ഥ്യമായാൽ കൂടുതൽ യാത്രക്കാർ കൊല്ലത്തേക്കെത്തുമെന്നതിൽ സംശയമില്ല. സ്റേറഷനിൽ കൊല്ലം- തിരുമംഗലം ദേശീയപാതയിൽ നിന്നുള്ള രണ്ടാം പ്രവേശനകവാടം പൂർത്തിയായിട്ടുണ്ട്. ഒന്നാം പ്രവേശനകവാടവുമായി ബന്ധിപ്പിക്കുന്ന നടപ്പാലവും പൂർത്തിയായിട്ടുണ്ട്. എസ്‌കലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ സ്ഥാപിക്കാനുള്ള നീക്കവും പുരോഗമിക്കുന്നുവെങ്കിലും ഇവയെല്ലാം മന്ദഗതിയിലാണ് മുന്നേറുന്നത്.

റെയിൽവെ ഭൂപടത്തിലെ കൊല്ലം മഹിമ

കൊല്ലം റെയിൽവെ സ്റ്റേഷന് വിശേഷണങ്ങൾ ഏറെയുണ്ട്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മദ്രാസിനെയും കൊല്ലത്തെയും ബന്ധിപ്പിച്ച് റെയിൽപാത നിർമ്മിക്കുകയെന്നത്. ബ്രിട്ടീഷുകാരുടെ സഹായത്തോടെ അത് യാഥാർത്ഥ്യമായി. 1904 ൽ കൊല്ലം- ചെങ്കോട്ട മീറ്റർഗേജ് പാതയിലൂടെ തീവണ്ടി കൂകിപ്പാഞ്ഞു. കേരളത്തിലെ ആദ്യ റെയിൽപാതയായിരുന്നു അത്. മദ്രാസിൽ നിന്ന് കരിഎഞ്ചിന്റെ ഭാഗങ്ങൾ കപ്പലിൽ കൊല്ലം തുറമുഖത്തെത്തിച്ച് അവിടെ നിന്ന് കാളവണ്ടിയിൽ കയറ്റി റെയിൽവെസ്റ്റേഷനിൽ എത്തിച്ച് കൂട്ടി യോജിപ്പിക്കുകയായിരുന്നുവെന്നത് ചരിത്രം. ഇന്നും സംസ്ഥാനത്തെ മികച്ച റെയിൽവെസ്റ്റേഷനുകളിലൊന്നാണ് കൊല്ലം. ലോകത്തെ രണ്ടാമത്തെ ഏറ്റവും നീളമേറിയ റെയിൽവെ പ്ളാറ്റ്ഫോമും കൊല്ലത്തിന് സ്വന്തം. രണ്ട് പ്രവേശനകവാടങ്ങളുള്ള ചുരുക്കം സ്റ്റേഷനുകളിലൊന്നുമാണ്. റെയിൽവെ ഭൂപടത്തിൽ കൊല്ലം- ചെങ്കോട്ട പാതയുടെ പ്രത്യേകതയും പ്രാധാന്യവും തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ടതാണ്. 80 കിലോമീറ്റർ പാതയിൽ പുനലൂരിനും ചെങ്കോട്ടയ്ക്കും ഇടയിലുള്ള ഗട്ട് സെക്‌ഷ‌നിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. മലനിരകളിലൂടെയും കാനനത്തിനു നടുവിലൂടെയുമുള്ള യാത്രയിൽ ആര്യങ്കാവിൽ മലതുരന്ന് നിർമ്മിച്ച രണ്ട് തുരങ്കങ്ങൾ ഇന്നും എൻജിനീയറിംഗ് സാങ്കേതികവിദ്യയുടെ വിസ്മയകാഴ്ചയാണ്. കൊങ്കൺപാത നിലവിൽ വന്നതോടെയാണ് ഈ തുരങ്കങ്ങളുടെ പ്രാധാന്യം കുറഞ്ഞത്. എന്നാൽ 1904 കാലഘട്ടത്തിൽ അന്നത്തെ സാങ്കേതികവിദ്യയിൽ നിർമ്മിച്ചതാണ് ആര്യങ്കാവ് ചുരം എന്നതോർക്കണം. ഇന്നും ആര്യങ്കാവ് മലനിരകളിലൂടെയുള്ള യാത്രാനുഭൂതി ആസ്വദിക്കാൻ വിദേശത്ത് നിന്നടക്കം നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. കൊല്ലം റെയിൽവെ സ്റ്റേഷൻ അന്തർദ്ദേശീയ നിലവാരത്തിലേക്കുയർത്തിയാൽ വിനോദസഞ്ചാര മേഖലയ്ക്കും അത് മുതൽക്കൂട്ടാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOLLAM DIARY, KOLLAM RAILWAY STATION
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.