കോട്ടയം : കൊവിഡിൽ ലോക്കായ ജില്ലയിലെ ടൂറിസ്റ്റ് ബസ് വ്യവസായം കരകയറുന്നില്ല. സംസ്ഥാനത്തിന് അകത്തും പുറത്തും സർവീസുകൾ നടത്തുന്ന ബസുകളും കല്യാണം, ആഘോഷങ്ങൾ തുടങ്ങിയവയ്ക്കും തീർത്ഥയാത്രയ്ക്കും വിനോദയാത്രയ്ക്കും മറ്റുമായി ഉപയോഗിക്കുന്ന ബസുകളുമെല്ലാം ആറുമാസത്തോളമായി നിറുത്തിയിട്ടിരിക്കുകയാണ്. ബസ് ഷെഡിൽ കയറ്റിയിട്ട് മീൻ വില്പനയ്ക്ക് പോകുന്നൊരു മുതലാളിയുമുണ്ട്. കൊവിഡിന്റെ തുടക്കത്തിൽ ഫെബ്രുവരി 3 മുതൽ സർക്കാർ സ്കൂൾ വിനോദയാത്രകൾ റദ്ദാക്കി. അന്ന് തുടങ്ങിയതാണ് ടൂറിസ്റ്റ് മേഖലയിലെ മോട്ടർ വാഹന പ്രതിസന്ധി.
എലികൾ വില്ലൻ
എലികളും പൂച്ചകളുമാണ് പ്രധാന വില്ലൻ. ബസിന്റെ വയറുകളെല്ലാം മുറിച്ചിടും. സീറ്റുകൾ കീറും. ജി ഫോം കൊടുത്ത് നികുതി ഒഴിവാക്കിയതിനാൽ വാഹനം അനക്കാനും കഴിയുന്നില്ല. അവധിക്കാലത്തിന് പുറമെ ഓണക്കാലവും നഷ്ടമായി.
നിറുത്തിയിട്ടാലും നഷ്ടം
ബസിന്റെ ബാറ്ററികൾ ഉപയോഗശൂന്യമായി. നഷ്ടം 140,000 രൂപ വിലയുള്ള രണ്ട് ബാറ്ററികളുണ്ട്. ടയറിന്റെ ലൈഫ് കുറഞ്ഞു. ടയർ ഒന്നിന് നഷ്ടം ചുരുങ്ങിയത് 18,000 രൂപ മുതൽ. 95,000 രൂപ ഇൻഷ്വറൻസ് അടച്ചിട്ടുണ്ട്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസ് 3 മാസത്തേക്ക് 3 ലക്ഷം രൂപയാണ് ടാക്സ് അടച്ചത്. അതും നഷ്ടം . മോറട്ടോറിയം നീട്ടിക്കിട്ടാൻ കോൺട്രാക്ട് കര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
'' മോറോട്ടറിയം നീട്ടിക്കിട്ടുന്നത് സംബന്ധിച്ചുള്ള സുപ്രീകോടതി വിധിയിലാണ് പ്രതീക്ഷ. ജിഫോം കൊടുത്തതിനാൽ ബസ് പുറത്തിറക്കാൻ കഴിയില്ല. സെൻസർ സംവിധാനമുള്ളതിനാൽ വണ്ടി അനങ്ങിയാൽ ഉദ്യോഗസ്ഥർക്ക് അറിയാം. വെറുതെ കിടന്ന് വണ്ടി നശിക്കുകയാണ്. ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂറെങ്കിലും വാഹനം നിശ്ചിത കിലോമീറ്റർ ഓടിക്കാനുള്ള അനുവാദം നൽകണം''
മനോജ് കൈമൾ, സെക്രട്ടറി, കോൺട്രാക്ട്
കാര്യേജ് ഓപ്പറേറ്റേഴ്സ് അസോ.