SignIn
Kerala Kaumudi Online
Tuesday, 02 March 2021 4.31 AM IST

സഹസ്രകോടി തട്ടിപ്പ്, പരാതി നല്‌കാതെ മറഞ്ഞിരിക്കുന്നവർ ആര് ?

popular-finance

കോന്നി വകയാറിലെ പോപ്പുലർ ഫൈനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഇതുവരെ ലഭിച്ചത് 15 കോടി തുകയുടെ പേരിലുള്ള പരാതികൾ. 2000 കോടി നിക്ഷേപം ഇവിടെയുണ്ടെന്നാണ് കണ്ടെത്തൽ. അങ്ങനെയെങ്കിൽ ബാക്കി നിക്ഷേപം നടത്തിയത് ആരെല്ലാം? നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് വാർത്തകൾ പുറത്തു വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പണം നഷ്ടപ്പെട്ടവരിൽ വലിയൊരു വിഭാഗം പരാതിപ്പെട്ടിട്ടില്ല. നിയമപരമായ മാർഗങ്ങളിലൂടെ പണം സമ്പാദിച്ച് പോപ്പുലർ ഫൈനാൻസിലെ 12 ശതമാനം പലിശയെന്ന മോഹവലയത്തിൽ പെട്ടുപോയവരാണ് പരസ്യമായി പരാതികളുമായി രംഗത്തു വന്നിരിക്കുന്നത്. സ്ഥലംവിറ്റും ചിട്ടിപിടിച്ചും 50 ലക്ഷം വരെ നിക്ഷേപിച്ച് ചതിക്കുഴിയിൽ വീണവർ മുന്നൂറോളം വരും. ഇവർ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ, പണം ഇരട്ടിപ്പിനായി കോടികൾ നിക്ഷേപിച്ച വമ്പൻമാർ പിന്നാമ്പുറങ്ങളിലാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കള്ളപ്പണക്കാർക്കും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

പണം തട്ടിപ്പ് കേസിൽ പോപ്പുലർ ഫൈനാൻസ് മാനേജിംഗ് പാർട്ണർ വകയാർ ഇണ്ടിക്കാട്ടിൽ വീട്ടിൽ തോമസ് ഡാനിയേൽ, ഭാര്യയും കമ്പനി പാർട്നറുമായ പ്രഭ, മക്കളായ റിനു (ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ), റേബ (ബോർഡ് ഒാഫ് ഡയറക്ടേഴ്സ് അംഗം) എന്നിവരാണ് അറസ്റ്റിലായത്. മറ്റാെരു മകളും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുമായ റിയ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. മൂന്ന് മാസം മുൻപ് ഇവർ കമ്പനിയുടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞിരുന്നു. പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.

അടൂർ ഡിവൈഎസ്.പി ആർ.ബിനു, കോന്നി, കൂടൽ, അടൂർ, ഏനാത്ത് സ്റ്റേഷൻ ഹൗസ് ഒാഫീസർമാരായ പി.എസ്.രാജേഷ്, ടി. ബിജു, യു. ബിജു, എസ്.ജയകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

കൊള്ളപ്പലിശ വാഗ്ദാനം,

കൊയ്തത് സഹസ്രകോടികൾ

പോപ്പുലർ ഫൈനാൻസ് ഉടമകൾ നിക്ഷേപകർക്ക് വാഗ്ദാനം നൽകിയത് ബാങ്കുകളാേ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ നൽകുന്നതിനേക്കാൾ കൂടുതൽ പലിശ. 12ശതമാനം പലിശ എന്ന സ്വപ്നലോകത്തേക്കാണ് നിക്ഷേപകരെ കമ്പനി കൂട്ടിക്കൊണ്ടുപോയത്. പണം മുടക്കിയവർക്ക് നൽകിയത് സ്ഥിരനിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റായിരുന്നില്ല. പകരം പോപ്പുലർ ഫൈനാൻസിന്റെ പേരിലുള്ള കടലാസ് സ്ഥാപനങ്ങളിലെ ഒാഹരികൾ. പോപ്പുലർ ഫൈനാൻസ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ മിനി ഫൈനാൻസ്, പോപ്പുലർ പ്രിന്റേഴ്സ് എന്നീ പേരുകളിലാണ് ഇൗ സ്ഥാപനങ്ങൾ. ലിമിറ്റഡ് കമ്പനി എന്ന പേരിൽ തുടങ്ങി ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാതെ ഒാഹരി എന്ന പേരിൽ കടലാസ് സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകൾ നിക്ഷേപകർക്ക് വിതരണം ചെയ്തു. സർട്ടിഫിക്കറ്റിൽ പറയുന്നത് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പിലേക്ക് നിശ്ചിത തുക നിക്ഷേപമായി നൽകിയിരിക്കുന്നുവെന്നാണ്. ചതിക്കുഴികൾ മനസിലാക്കാതെ, ഒന്നു വച്ചാൽ രണ്ട് എന്ന രീതിയിൽ പണം ഇരട്ടിക്കുമെന്ന് നിക്ഷേപകർ കണ്ണടച്ച് വിശ്വസിച്ചു.

ഇൻകംടാക്സും എൻഫോഴ്സ്മെന്റും രംഗത്ത്

പോപ്പുലർ ഫൈനാൻസിലെ നിക്ഷേപത്തട്ടിപ്പു കേസിൽ ഇൻകംടാക്സും എൻഫോഴ്സ്‌മെന്റും സമാന്തര അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി 12 ശതമാനം പലിശ നൽകിയതിനെപ്പറ്റിയും നിക്ഷേപകരുടെ വരുമാന സ്രോതസുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ലക്ഷങ്ങളും കോടികളും നിക്ഷേപിച്ച പലരും പണം നഷ്ടപ്പെട്ടതിൽ പരാതിപ്പെട്ടിട്ടില്ല. പരാതിയുമായി വന്നാൽ പണത്തിന്റെ കണക്ക് പറയേണ്ടിവരും.

താത്കാലിക പ്രതിസന്ധിയെന്ന് പറഞ്ഞ് രക്ഷപ്പെടാൻ നീക്കം

പോപ്പുലർ ഫിനാൻസിലെ ഇപ്പോഴത്തെ പ്രതിസന്ധി താത്‌കാലികം മാത്രമാണെന്ന് പറഞ്ഞ് നിയമത്തിന്റെ കണ്ണിൽ നിന്ന് രക്ഷപ്പെടാൻ ഉടമകൾ നടത്തിയ നീക്കം പൊളിഞ്ഞു. ആറ് മുതൽ ഒൻപത് മാസം വരെ സമയം തന്നാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും മാനേജിംഗ് പാർട്നർ തോമസ് ഡാനിയേൽ വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. കൊവിഡിനെ തുടർന്നാണ് സ്ഥാപനത്തിൽ പ്രതിസന്ധിയുണ്ടായതത്രെ. സ്വർണം നിക്ഷേപകരുടെ ആവശ്യത്തിനും ശമ്പളത്തിനും സ്ഥാപനത്തിന്റെ ദൈനംദിന ചെലവുകൾക്കുമാണ് ഉപയോഗിച്ചതെന്ന് തോമസ് ഡാനിയേൽ പറഞ്ഞിരുന്നു. എന്നാൽ, മറ്റൊരു സ്ഥാപനവും സ്ഥിരനിക്ഷേപകർക്ക് നൽകാത്ത 12 ശതമാനം പലിശ വാഗ്ദാനം ചെയ്തതാണ് കമ്പനിയെ കൂപ്പുകുത്തിച്ചതെന്ന് അന്വേഷണ സംഘത്തോട് ഇയാൾ പറഞ്ഞതായാണ് വിവരം. ഇതോടൊപ്പം തോമസിന്റെ ഭാര്യ പ്രഭ കമ്പനിയുടെ തീരുമാനങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും ഇടപെട്ടതും തലപ്പത്ത് പ്രശ്നങ്ങൾക്ക് വഴിവച്ചുവത്രെ. സാമ്പത്തിക കാര്യങ്ങളിൽ വിദഗ്ദ്ധനായ ഒരു മാനേജർ അടക്കം എട്ട് ഉദ്യോഗസ്ഥർ രാജിവയ്ക്കുകയും ചെയ്തു. കമ്പനിയിലെ പ്രതിസന്ധി മണത്തറിഞ്ഞ നിക്ഷേപകരിൽ ചിലർ പെട്ടന്ന് പണം പിൻവലിക്കാൻ ശ്രമിച്ചതും വിനയായി. നിക്ഷേപ കാലാവധി കഴിഞ്ഞ പണം മുതലും പലിശയും അടക്കം തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. പരാതികൾ ഒരോന്നായെത്തി. ഇരുന്നൂറിലേറെ പരാതികൾ കോന്നി, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചു. പിന്നാലെ ഉടമകൾ മുങ്ങി. ലുക്കൗട്ട് നോട്ടീസുകൾ പുറപ്പെടുവിച്ചു. വിദേശത്തേക്കു കടക്കാൻ ശ്രമിച്ച പെൺമക്കൾ അറസ്റ്റിലായപ്പോൾ മാനേജരും ഭാര്യയും കീഴടങ്ങുകയായിരുന്നു.

നിക്ഷേപകർ സംഘടിച്ചു

പോപ്പുലർ ഫൈനാൻസിൽ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ടവർ കോന്നി വകയാറിലെ ഒാഫീസിനു മുന്നിൽ സംഘടിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പ്രതിഷേധ പരിപാടികൾ നടത്തിയില്ല. സി.എസ്. നായർ കൺവീനറായും വിൽസൺ പുനലൂർ ജോ. കൺവീനറായും ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. പണം നഷ്ടപ്പെട്ടവരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് ഹൈക്കോടതിയിൽ ഹർജി നൽകാൻ തീരുമാനിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PATHANAMTHITTA DIARY, POPULAR FINANCE
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.