പട്ടാമ്പി: മത്സ്യമാർക്കറ്റ് ഇന്നലെ രാവിലെ മുതൽ പൂർണമായും കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തനം പുനരാരംഭിച്ചു. ഇതിനായി മാർക്കറ്റ് പരിസരത്ത് പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിച്ചു. രാവിലെ അഞ്ചുമണി മുതൽ ഏഴര വരെയാണ് പ്രവർത്തനം.
തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ശേഷം അരമണിക്കൂർ ഇടവിട്ട് നിശ്ചിത എണ്ണം ആളുകൾക്കാണ് പ്രവേശനം. ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ മുഴുവൻ ജീവനക്കാരും ഗ്ലൗസും മുഖാവരണവും ധരിച്ചാണ് ജോലിക്കെത്തിയത്. 25 മിനിറ്റിനകം മത്സ്യമെടുത്ത് പുറത്തിറങ്ങണം. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ട്. ആദ്യഘട്ടത്തിൽ ഹോൾ സെയിൽ വില്പന മാത്രമാണ്. ഒരാഴ്ച കഴിഞ്ഞ് സ്ഥിതി വിലയിരുത്തിയ ശേഷം റീട്ടെയിൽ വില്പനയ്ക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കും. ഇത് സംബന്ധമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പട്ടാമ്പി ക്ലസ്റ്റർ ഇൻസിഡന്റൽ കമാൻഡർ കൂടിയായ സബ് കലക്ടർ ഉത്തരവ് നൽകിയിരുന്നു.
ജൂലായ് 17ന് മാർക്കറ്റിലെ ഒരു തൊഴിലാളിക്ക് കൊവിഡ് കണ്ടെത്തിയതോടെയാണ് മാർക്കറ്റ് അടച്ചത്. തുടർന്ന് നടത്തിയ പരിശോധനകളിൽ സമ്പർക്കത്തിലൂടെ താലൂക്ക് പരിധിയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടെത്തുകയും മാർക്കറ്റ് കൊവിഡ് ക്ലസ്റ്ററായി മാറുകയും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ് വരുത്തി.