പാലക്കാട്: ഒന്നാംവിള കൊയ്ത്ത് ആരംഭിക്കാനിരിക്കെ ജില്ലയിൽ സപ്ലൈകോയ്ക്ക് നെല്ലെടുക്കാൻ ആകെയുള്ളത് ഒരു പാഡി മാർക്കറ്റിംഗ് ഓഫീസർ (പി.എം.ഒ) മാത്രം. ഓഫീസർമാരുടെ കുറവുമൂലം നിലവിലുള്ള ഉദ്യോഗസ്ഥർ അധിക ജോലി ചെയ്താണ് വർഷങ്ങളായി ഓരോ സീസണിലെയും സംഭരണ നടപടികൾ പൂർത്തിയാക്കുന്നത്. ഉദ്യോഗസ്ഥരുടെ കുറവുമൂലം നെല്ലുസംഭരണത്തിൽ ഉണ്ടാകുന്ന കാലതാമസം കർഷകരെയും പ്രതിസന്ധിയിലാക്കുന്നു.
ജില്ലയിൽ ചുരുങ്ങിയത് മൂന്ന് പി.എം.ഒമാരെങ്കിലും വേണ്ടിടത്താണ് ഒരാൾ മാത്രമുള്ളത്. കഴിഞ്ഞ രണ്ടാംവിള സമയത്ത് ഉദ്യോഗസ്ഥ ക്ഷാമം മൂലം തൃശൂർ പി.എം.ഒയ്ക്ക് പാലക്കാടിന്റെ അധിക ചുമതല നൽകിയിരുന്നു. അറുപത്തിനാലായിരത്തോളം കർഷകരാണ് അന്ന് സപ്ലൈകോയ്ക്ക് നെല്ലളന്നത്. ചിറ്റൂർ, ആലത്തൂർ, പാലക്കാട് താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ നെല്ല് ഉല്പാദനം നടക്കുന്നത്. അതുകൊണ്ട് ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലായി ഓരോരോ പി.എം.ഒമാരെ നിയോഗിച്ചാൽ മാത്രമേ സംഭരണം സുഗമമാക്കാൻ സാധിക്കൂ. പ്രവർത്തനം കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ഇത്തവണ നെല്ലെടുപ്പ് കടുത്ത പ്രതിസന്ധിയിലാകുമെന്ന് കർഷകർ പറഞ്ഞു.
നടപടി സ്വീകരിക്കണം
സംഭരണ അപേക്ഷ പരിശോധന മുതൽ ഗുണനിലവാരം ഉറപ്പാക്കി നെല്ലെടുത്ത ശേഷം തുക വിതരണം ചെയ്യാനായി പി.ആർ.എസ് നൽകുന്നതു വരെയുള്ള പ്രവർത്തനം നടത്തേണ്ടത് അതത് പി.എം.ഒയുടെ നേതൃത്വത്തിലാണ്. ആയതിനാൽ സംഭരണം സുഗമമാക്കാൻ ജില്ലയിൽ നാല് പി.എം.ഒമാരെ നിയോഗിക്കാൻ നടപടി സ്വീകരിക്കണം.
-മുതലാംതോട് മണി, ജന.സെക്രട്ടറി, ദേശീയ കർഷക സമാജം.