തിരൂർ: മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ വേർപാടിൽ രാജ്യം പ്രണാമമർപ്പിക്കുമ്പോൾ അപൂർവ്വ ആദരവിന്റെ ഓർമ്മകളിലാണ് തിരൂർ കൂട്ടായി സ്വദേശിയും ചേളാരി എ.കെ.എൻ.എം ഗവൺമെന്റ് പോളിടെക്നിക്കിലെ അദ്ധ്യാപകനുമായ അബ്ദുൽ ജബ്ബാർ. നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ മുൻ സംസ്ഥാന പ്രോഗ്രാം കോർഡിനേറ്ററായിരുന്ന അബ്ദുൽ ജബ്ബാർ അഹമ്മദ് മൂന്ന് തവണയാണ് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. 2012, 2014, 2015 വർഷങ്ങളിലായിരുന്നു ഇത്. രാഷ്ട്രപതി ഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ രാജ്യത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർക്കുള്ള ഇന്ദിരാ ഗാന്ധി ദേശീയ പുരസ്കാരമാണ് അബ്ദുൽ ജബ്ബാർ അഹമ്മദിന് ലഭിച്ചത്. ആദ്യ തവണ അവാർഡ് നൽകുമ്പോൾ അദ്ദേഹം പുഞ്ചിരിയോടെ ഹസ്തദാനം നൽകി കേരളത്തിൽ നിന്നാണോയെന്ന് ചോദിച്ച് അഭിനന്ദിച്ചെന്ന് അബ്ദുൽ ജബ്ബാർ പറയുന്നു.
ഓരോ തവണയും അവാർഡ് വാങ്ങാൻ ചെന്നപ്പോൾ ബ്യൂഗിളിന്റെ അകമ്പടി നാദത്തിൽ അദ്ദേഹത്തിന്റെ പുഞ്ചിരി നിറഞ്ഞ കൈകൂപ്പിയുള്ള ആഗമനം ഇന്നും അബ്ദുൽ ജബ്ബാർ അഹമ്മത്തിന്റെ ഓർമ്മകളിൽ തിളക്കത്തോടെയുണ്ട്.