നെയ്യാറ്റിൻകര: ദക്ഷിണ കേരളത്തിൽ നന്തുണിപ്പാട്ട് കേട്ട് ഉണർന്നിരുന്ന ചിങ്ങമാസപ്പുലരിയും അത്തപ്പൂക്കളങ്ങളും ആ ഓണനിലാവും ഇനി ഓർമ്മകളിൽ മാത്രം. നന്തുണിപ്പാട്ട് കലാകാരന്മാരും ഓർമ്മയായി മാറുന്ന കാലം വരുന്നു. നെയ്യാറ്റിൻകര താലൂക്കിലെ ഉദിയൻകുളങ്ങര അഴകിക്കോണം കണ്ണം വിളാകത്ത് വീട്ടിൽ എൺപത്തിയെട്ടിന്റെ നിറവിൽ നിൽക്കുന്ന റിട്ട. അദ്ധ്യാപകനായ കെ.എസ്. ഗോപാലകൃഷ്ണൻ ആശാൻ പ്രസിദ്ധനായ നന്തുണിപ്പാട്ടുകാരനായിരുന്നു.
ഇദ്ദേഹം 33 വർഷം അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുമ്പോഴും പിതാവായ റിട്ട. അദ്ധ്യാപകൻ കൊച്ചുകുഞ്ഞ് പകർന്ന് നൽകിയ ഈ കലയെ കൈവെടിയാൻ തയ്യാറായിരുന്നില്ല. ഹരിപ്പാട് പി.കെ. നാരായണൻ നമ്പൂതിരിയുടെ ശിഷ്യനായ ഗോപാലകൃഷ്ണനാശാൻ ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും ഏറെക്കാലം നന്തുണിപാട്ടിന്റെ ശ്രുതിമധുരം ശ്രോതാക്കളിലെത്തിച്ചിരുന്നു.
നന്തുണി
കാളീക്ഷേത്രങ്ങളിൽ കളമ്പാട്ടിന് ഉപയോഗിച്ചുവരുന്ന ഒരു നാടോടി സംഗീതോപകരണമാണ് നന്തുണി. വീണയോടാണ് ഇതിന് സാദൃശ്യം. കേരളത്തിന്റെ ഗിറ്റാർ എന്നറിയപ്പെടുന്നതാണ് നന്തുണി. വടക്കൻപാട്ടുകളിൽ നൽധുനി എന്നാണ് പ്രയോഗിച്ചുകാണുന്നത്. നന്തുർണി എന്നാണ് മറ്റൊരു പേര്. ഈ പാഠഭേദങ്ങൾ നംധ്വനി എന്ന സംസ്കൃതപദത്തിന്റെ തത്ഭാവങ്ങളാണെന്ന് കരുതപ്പെടുന്നു. ശിവതാണ്ഡവസമയത്ത് നാരദമഹർഷി ശിവസ്തുതി പാടുമ്പോൾ മീട്ടിയ വാദ്യമാണ് നന്തുണി എന്ന് ഐതിഹ്യം.
നിർമ്മാണം
കൊട്ടാനും മീട്ടാനും ഉപയോഗിക്കാനാവും വിധം നിർമ്മിച്ചിട്ടുള്ള ഒരു താളശ്രുതിവാദ്യമാണിത്. ഒരു മരക്കഷ്ണത്തിൽ ഒരു കൊമ്പുകൈകൂടി ഘടിപ്പിച്ചാണ് നന്തുണി ഉണ്ടാക്കുന്നത്. ഈ പലകയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വലിച്ചുകെട്ടിയ രണ്ടോ മൂന്നോ തന്ത്രികൾ ഉണ്ടാകും. തന്ത്രികൾ പിഞ്ഞാവള്ളി അഥവാ ഈരച്ചുള്ളി എന്ന വള്ളികൊണ്ടാണ് പരമ്പരാഗതമായി ഉണ്ടാക്കിപ്പോന്നിരുന്നത്. എന്നാൽ ഇന്നു ലോഹക്കമ്പികളും ഉപയോഗിക്കുന്നുണ്ട്. മരച്ചീളുകൊണ്ടു നിർമിച്ച ചെറുകോലുകൊണ്ടു തന്ത്രിയിൽ തട്ടിയാണു നാദം പുറപ്പെടുവിക്കുക. ഏതാണ്ട് നാലടി നീളവും കാലടി വീതിയുമാണ് നന്തുണിക്കുള്ളത്.
ചിലപ്പതികാരത്തിലും മറ്റും പരാമർശിച്ചിട്ടുള്ള യാഴ് എന്ന സംഘകാലവാദ്യം നന്തുണിയുടെ പഴയ രൂപമാണെന്നു കരുതപ്പെടുന്നു.
കെ.എസ്.ഗോപാലകൃഷ്ണൻ ആശാൻ
നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു 1986 ൽ റിട്ടയർ ചെയ്ത കെ.എസ്. ഗോപാലകൃഷ്ണൻ ആശാൻ ബഹുമുഖ പ്രതിഭയായിരുന്നു. ജ്യോതിഷം,താന്ത്രിക് വിദ്യ,സിദ്ധ വൈദ്യം എന്നിവയിലും പ്രഗല്ഭനായിരുന്ന ഇദ്ദേഹം ആകാശവാണിയിലെ നന്തുണി കലാകാരനായിരുന്നു.