തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി ഇന്ന്. പതിവ് ആഘോഷങ്ങൾ ഒഴിവാക്കിയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും വിശേഷാൽ പൂജകളിലും സമൂഹ പ്രാർത്ഥനയിലും പരിപാടികൾ ഒതുങ്ങും. ജയന്തി ഘോഷയാത്രകളും സമ്മേളനങ്ങളും അന്നദാനം ഉൾപ്പെടെയുള്ള മറ്റ് ചടങ്ങുകളും ഉണ്ടാവില്ല.
ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിയിലും സമാധി സ്ഥാനമായ ശിവഗിരിയിലും എസ്.എൻ.ഡി.പി യോഗത്തിന്റെയും ട്രസ്റ്റിന്റെയും ആസ്ഥാനമായ കൊല്ലത്തും വിവിധ യൂണിയനുകളിലും ശാഖകളിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളിലും ജയന്തി ലളിതമായി ആഘോഷിക്കും.
ചെമ്പഴന്തിയിൽ രാവിലെ 6 ന് തിരുപ്പിറവി വിശേഷാൽ പൂജയും സമൂഹ പ്രാർത്ഥനയും. 10 ന് ജയന്തി സമ്മേളനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ജയന്തി സന്ദേശവും നൽകും. വൈകിട്ട് 6.30 ന് വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും.
ശിവഗിരി മഹാസമാധിയിൽ രാവിലെ 6.15 ന് പ്രത്യേക ഗുരുപൂജ, 7.30 ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മ പതാക ഉയർത്തും. ജയന്തി മുതൽ മഹാസമാധി വരെയുള്ള ജപയജ്ഞത്തിന് 8 ന് വൈദികമഠത്തിൽ തുടക്കം കുറിക്കും. 10-ന് യജ്ഞശാലയിൽ വിശേഷാൽ ഹോമം, വൈകിട്ട് 5.30 ന് ഗുരുദേവ റിക്ഷ മഹാസമാധി മന്ദിരത്തിന് പ്രദക്ഷിണം വയ്ക്കും. 6.30ന് വിശേഷാൽപൂജ, ആരതി, സമൂഹപ്രാർത്ഥന എന്നിവ നടക്കുമെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.