കാസർകോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പയറ്റിത്തെളിഞ്ഞ സജിത് ബാബു ജില്ലാ കളക്ടർമാർക്ക് പ്രധാനമന്ത്രി നൽകുന്ന എക്സലൻസ് അവാർഡിനുള്ള 12 പേരുടെ അവസാന പട്ടികയിൽ ഇടംനേടിയത് വെറുതെയല്ല. കുഴഞ്ഞുമറിഞ്ഞ 69,300 ഫയലുകളാണ് രണ്ടു വർഷംകൊണ്ട് കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു തീർപ്പാക്കിയത്.
മികച്ച ജനസേവനത്തിനെ മുൻനിറുത്തിയുള്ളതാണ് പുരസ്കാരം. അതിന്റെ അവസാന പട്ടികയിൽ ദക്ഷിണേന്ത്യയിൽ നിന്ന് സ്ഥാനംപിടിച്ചത് സജിത് ബാബു മാത്രം. 2018 ഒക്ടോബർ 17ന് കാസർകോട്ട് ചുമതലയേറ്റ അദ്ദേഹം ചുവപ്പുനാടയിലെ കുരുക്കഴിക്കാൻ താലൂക്ക് ഓഫീസുകൾ കയറിയിറങ്ങിയാണ് ഫയലുകൾ തീർപ്പാക്കിയത്.
2012ൽ ഐ.എ.എസ് ലഭിച്ച സജിത് നാല് ബിരുദാനന്തര ബിരുദങ്ങൾ, ഒരു പി. ജി ഡിപ്ലോമ, രണ്ടു ഡിപ്ലോമ, ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്. തിരുവനന്തപുരം പേരൂർക്കട, അമ്പലമുക്ക് തങ്കച്ചേരിയിലെ ദാമോദരന്റെയും സുലോചനയുടെയും മകനാണ്. യൂണിവേഴ്സിറ്റി കോളേജിൽ ക്രിക്കറ്റ് ടീം കാപ്ടനും നാടക നടനുമായിരുന്നു.
# ഫയലുകളിൽ കണ്ടത്
കൊളത്തൂർ വില്ലേജിലെ മണികണ്ഠന്റെ ഭാര്യ സുഭാഷിണിയും മക്കളും വാട്സാപ്പിലാണ് ഭൂമിക്കുവേണ്ടി അപേക്ഷ നൽകിയത്. ഓൺലൈനിൽ അതു നോക്കുന്നതിനിടെ അമ്മയും മക്കളും നിറകണ്ണുകളോടെ മുന്നിലെത്തി പൊട്ടിക്കരയുകയായിരുന്നു. കാസർകോട് തഹസിൽദാർ പി.വി. രാജനെ വിളിച്ചു ഭൂമി നല്കാൻ വഴിതേടി. രണ്ടു പെൺമക്കൾക്ക് പുറമെ മരിച്ച സഹോദരന്റെ മൂന്ന് മക്കളെയും പോറ്റുന്ന കുടുംബം കണ്ണീർക്കയത്തിലാണ്. അന്തിയുറങ്ങാൻ വീടോ സ്ഥലമോ ഇല്ലാത്തവർ. ഏഴ് ദിവസത്തിനുള്ളിൽ പട്ടയം ശരിയായി. വെള്ളരിക്കുണ്ട് പരപ്പ പുളിയംകുളത്തെ കണ്ണന്റെ മകൻ കാരിയൻ 40 വർഷമായി പട്ടയത്തിനുവേണ്ടി നടക്കുകയായിരുന്നു. ദിവസങ്ങൾക്കകം അതു വീട്ടിലെത്തിക്കാൻ കഴിഞ്ഞത് ധന്യത നൽകിയ മറ്റൊരു നിമിഷം.
മാതൃക ഇങ്ങനെ
1930 ൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഫയലിംഗ് സമ്പ്രദായമാണ് നിലവിലുള്ളത്. വില്ലേജ് ഓഫീസിൽ നിന്ന് ഫയൽ കളക്ടറേറ്റിൽ എത്തി തീർപ്പായി കിട്ടാൻ 11 മാസമെടുക്കും. ചിലത് അപ്രത്യക്ഷമാവും. ഇതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയായിരുന്നു ആദ്യ നടപടി. തഹസിൽദാർ മുതൽ ജില്ല കളക്ടർ വരെ വിളിക്കുന്ന മീറ്റിംഗ് മൂലം വില്ലേജ് ഓഫീസർമാർക്ക് ആഴ്ചയിൽ 5 ദിവസംവരെ ഓഫീസിൽ ഇരിക്കാനാവാത്ത സ്ഥിതിയുണ്ട്. ഇതൊഴിവാക്കി വീഡിയോ കാൾ സംവിധാനം ഏർപ്പെടുത്തി. കളക്ടറുടെ ഇടപെടലുണ്ടാകേണ്ട കാര്യങ്ങളിൽ നേരിട്ടെത്തി പരിഹാരം കണ്ടു.
''ഈ സംവിധാനം മറ്റു വകുപ്പുകളിലും നടപ്പിലാക്കിയാൽ ഓഫീസുകളിൽ കയറിയിറങ്ങി ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ഇല്ലാതാക്കാൻ കഴിയും.
ഡോ. ഡി. സജിത് ബാബു,
കാസർകോട് ജില്ലാ കളക്ടർ