മലപ്പുറം: കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ പ്രിയപ്പെട്ടവരെ നഷ്ടമായ ശരതിന്റെ വീട് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. പാണക്കാട് തങ്ങൾ കുടുംബം നിർമ്മിച്ചു നൽകിയ വീട്ടിലാണ് ഓണത്തോടനുബന്ധിച്ച് ബഷീറലി തങ്ങൾ സന്ദർശിച്ചത്. മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത്ലീഗ് വൈസ്പ്രസിഡന്റ് ഹകീം കോൽമണ്ണ, ശരതിനും കുടുംബത്തിനും വീട് വക്കാൻ സ്ഥലം വിട്ടുനൽകിയ ആരിഫ് കളപ്പാടൻ എന്നിവർ തങ്ങളോടൊപ്പമുണ്ടായിരുന്നു. ശരതിന്റെ അച്ഛനും അനിയനും ദുരന്തത്തിൽ മരിച്ച അമ്മയുടെ അനിയത്തിയും ചേർന്ന് തങ്ങളെ സ്വീകരിച്ചു. ഓണസാമഗ്രികൾ അടങ്ങിയ കിറ്റും ഓണപ്പുടവകളും ശരതിന്റെ കുടുംബത്തിന് കൈമാറി. തിരുവോണസദ്യ കഴിച്ച് ഓണം ആശംസിച്ചാണ് തങ്ങൾ മടങ്ങിയത്. കഴിഞ്ഞ പ്രളയത്തിലാണ് മണ്ണിടിഞ്ഞ് കോട്ടക്കുന്ന് ചെരുവിലെ ശ്രീജിത്തിന്റെ വീട് നിലംപൊത്തിയത്. അമ്മയും ഭാര്യയും കുഞ്ഞും വീടിനടിയിൽപ്പെട്ടു. മൂന്നുദിവസങ്ങൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനായത്. ശരത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞ പാണക്കാട് കുടുംബം വീട് നിർമ്മാണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. എട്ടു മാസം കൊണ്ടാണ് വീടുപണി പൂർത്തിയായത്.