ന്യൂഡൽഹി : ഐപിഎല്ലിനായി യുഎഇയിലെത്തിയശേഷം അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന തന്റെ പിതൃസഹോദരിയുടെ കുടുംബത്തിന് പഞ്ചാബിൽ നേരിട്ട ആക്രമണത്തിന് ഉത്തരവാദികൾ ആയവരെ കണ്ടെത്തണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കുറ്റക്കാരെഉടൻ കണ്ടെത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിഅമരീന്ദർ സിംഗ് മറുപടിയും നൽകി.
പിതൃസഹോദരിയുടെ ഭർത്താവിനു പിന്നാലെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇവരുടെ ഒരു മകൻ കൂടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ഈ സാഹചര്യത്തിലാണ് വേദന പങ്കുവച്ചും പ്രതികളെ കണ്ടെത്താൻ പഞ്ചാബ് മുഖ്യമന്ത്രി സഹായം തേടിയും റെയ്ന ട്വീറ്റ് ചെയ്തത്.
‘പഞ്ചാബിലുള്ള എന്റെ കുടുംബത്തിനു സംഭവിച്ചത് ഭീകരമായതിലും അപ്പുറത്താണ്. എന്റെ അങ്കിളിനെ അവർ ക്രൂരമായി കൊലപ്പെടുത്തി. ആന്റിയും രണ്ട് സഹോദരങ്ങളും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലായിരുന്നു. നിർഭാഗ്യവശാൽ ഇത്രയും ദിവസം ജീവനുവേണ്ടി പൊരുതിയ അവരിൽ ഒരു സഹോദരനും കഴിഞ്ഞ രാത്രി മരണത്തിനു കീഴടങ്ങി. ആന്റി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്’ – റെയ്ന ട്വീറ്റ് ചെയ്തു.
‘ആ രാത്രി യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നോ ആരാണ് ഈ ക്രൂരത ചെയ്തതെന്നോ ഇതുവരെ ഞങ്ങൾക്ക് അറിയില്ല. ഈ പ്രശ്നത്തിൽ പഞ്ചാബ് പൊലീസ് അടിയന്തരമായി ഇടപെടണമെന്ന് അപേക്ഷിക്കുന്നു. ഈ ക്രൂരകൃത്യം ആരാണ് ചെയ്തത് എന്നെങ്കിലും അറിയാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അവരെ എത്രയും വേഗം പിടികൂടണം’ – പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ ടാഗ് ചെയ്ത് റെയ്ന മറ്റൊരു ട്വീറ്റിൽ കുറിച്ചു.
ഹർഭജൻ യാത്ര റദ്ദാക്കി
ജലന്ധർ : യു.എ.ഇയിലേക്ക് മാറ്റിയ ഐ.പി.എല്ലിനായി ഇന്നലെ പുറപ്പെടേണ്ടിയിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് താരം ഹർഭജൻ സിംഗ് യാത്ര മാറ്റിവച്ചു. ഇതോടെ ഹർഭജൻ ടൂർണമെന്റിൽ കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങളും ശക്തമായി. ടീമംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹർഭജൻ ഇത്തവണ ഐപിഎൽ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സൂപ്പർ കിംഗ്സിലെ മറ്റ് ഇന്ത്യൻ താരങ്ങൾ ആഗസ്റ്റ് 21ന് യുഎഇയിലെത്തിയിരുന്നു. ചെന്നൈയിൽ സംഘടിപ്പിച്ച പരിശീല ക്യാമ്പിലും ഹർഭജൻ എത്തിയിരുന്നില്ല. വ്യക്തിപരമായ അസൗകര്യങ്ങളെ തുടർന്നായിരുന്നു ഇത്. യുഎഇയിലേക്ക് പുറപ്പെട്ട ആദ്യ സംഘത്തിനൊപ്പമുള്ള യാത്രയും ഒഴിവാക്കിയ ഹർഭജൻ സെപ്റ്റംബർ ഒന്നിന് യുഎഇയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.