തിരുവനന്തപുരം/വെഞ്ഞാറമൂട്: തിരുവോണത്തലേന്ന് അർദ്ധരാത്രിയിൽ നാടിനെ നടുക്കിയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ എല്ലാ പ്രതികളും പിടിയിലായി. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാജിനെയും (32), ഹഖ് മുഹമ്മദിനെയും (28) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയഎട്ട് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രതികളെ സഹായിച്ച ഒരു സ്ത്രീയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഏഴു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് പേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശ സമയത്തുണ്ടായ സംഘർഷമാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്. പുല്ലമ്പാറ സ്വദേശികളായ ഷജിത് മൻസിലിൽ ഷജിത്ത് (27), റോഡരികത്ത് വീട്ടിൽ നജീബ് (41), ചരുവിള പുത്തൻവീട്ടിൽ അജിത്ത് (27), റോഡരികത്ത് വീട്ടിൽ സതിമോൻ (47), ചെറുകോണത്ത് വീട്ടിൽ സജീവ് (35), മദപുരം ചരുവിള വീട്ടിൽ സനൽ (32), മദപുരം തറത്തരികത്ത് വീട്ടിൽ പ്രീജ (30) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്നലെ രാവിലെ കസ്റ്റഡിയിലായ അൻസാർ, ഉണ്ണി എന്നിവരെ ചോദ്യം ചെയ്തു വരികയാണ്. ഇതിൽ അൻസാർ, സജീവ്, സനൽ, ഉണ്ണി എന്നിവർക്ക് കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളതായി പൊലീസ് പറഞ്ഞു. നാലുപേരും ചേർന്ന് വളഞ്ഞു നിന്നാണ് കൊല്ലപ്പെട്ട രണ്ടുപേരെയും വെട്ടിയത്. അജിത്, ഷജിത്, സതി, നജീബ് എന്നിവർ സംഭവ സ്ഥലത്ത് എത്തുകയും കൊലചെയ്ത് മടങ്ങിയെത്തിയവർക്ക് രക്ഷപ്പെടാൻ വാഹനം ഒരുക്കി നൽകുകയും ചെയ്തു. രണ്ട് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന കണ്ടെത്തലിലാണ് പ്രീജയെ കസ്റ്റഡിയിലെടുത്തത്.