പാനൂർ: ചെറുവാഞ്ചേരിയിലെ പൂവത്തൂർ ശ്രീ നാരായണമഠത്തിന് നേരെ സാമൂഹ്യ ദ്രോഹികളുടെ ആക്രമണം. മഠത്തിന്റെ മതിലിൽ സ്ഥാപിച്ച വൈദ്യുതി വിളക്കുകൾ തകർത്ത നിലയിലാണ്. മഠത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നുമുറികളിലുള്ള കടകളുടെ സിങ്ക് ഷീറ്റും ഓടും തകർത്തനിലയിലായിരുന്നു. പീടിക മുറിയിൽ പ്രവർത്തിച്ചുവരുന്ന ശ്രീ നാരായണ വായനശാലയിലെ റിക്കാർഡുകളും മൂന്നു കാമറകളും ഡി.വി.ആറും എടുത്തു കൊണ്ടുപോയി. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
ഇവിടെ പ്രവർത്തിച്ചു വരുന്ന 11 ാം വാർഡ് ജാഗ്രത സമിതി ഓഫീസിന്റെ ബോർഡും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന വെയിറ്റിംഗ് ഷൽട്ടറും തകർത്ത നിലയിലാണ്.ഓണത്തിന്റെ തലേന്നാൾ ഇവിടെ വ്യത്യസ്ത പാർട്ടികളിൽപ്പെട്ടവർ തമ്മിൽ വാക് തർക്കം നിലനിന്നിരുന്നു. സംഭവം സംബന്ധിച്ച് ശ്രീനാരായണ മഠം ഭാരവാഹികളായ മഠം പ്രസിഡന്റ് കെ. ലോഹിതാക്ഷൻ, സെക്രട്ടറി സുരേശൻ കടമേരി, വി.പി ബാലകൃഷ്ണൻ, എൻ.മോഹനൻ തുടങ്ങിയവർ കണ്ണവം പൊലീസിൽ പരാതി നല്കി.
ആക്രമണം അപലപനീയം: അരയാക്കണ്ടി സന്തോഷ്
പാനൂർ: ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നേരെയും ശ്രീനാരായണമഠങ്ങൾക്ക് നേരെയും സാമൂഹ്യ ദ്രോഹികൾ നടത്തുന്ന അക്രമം അപലപനീയമാണെന്നും ഇത്തരം പ്രവണതകൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. സാമൂഹ്യ ദ്രോഹികളെ കണ്ടെത്തി അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം നടത്തിയവർക്കെതിരെ നടപടി വേണം
പാനൂർ: ചെറുവാഞ്ചേരിയിലെ പൂവത്തൂർ ശ്രീ നാരായണമഠത്തിനു നേരെയും ശ്രീനാരായണ വായനശാലയ്ക്ക് നേരെയും അക്രമം നടത്തിയ സാമൂഹ്യ ദ്രോഹികളെ എത്രയും വേഗം കണ്ടെത്തി അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് എസ്.എൻ ഡി.പി യോഗം പാനൂർ യൂണിയൻ ആവശ്യപ്പെട്ടു. യോഗത്തിൽ വി.കെ.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ശശീന്ദ്രൻ പാട്യം, കെ.കെ.സജീവൻ, കെ.പി ശശീന്ദ്രൻ, എം.കെ. ലിഷിത്ത്, എൻ.പി രവീന്ദ്രൻ, കെ. പാർഥൻ സംസാരിച്ചു.
പൂവത്തൂർ ശ്രീ നാരായണമഠത്തിന് നേരെ നടന്ന അക്രമണത്തിൽ എസ്.എൻ.ഡി.പി യോഗം തലശ്ശേരി യൂണിയൻ പ്രതിഷേധിച്ചു. യൂണിയൻ പ്രസിഡന്റ് പി.സി രഘുറാം, സെക്രട്ടറി കെ.ശശിധരൻ, കെ.ജി ഗിരീശൻ, ജിതേഷ് വിജയൻ, കെ.പി. രതീഷ് ബാബു എന്നിവർ സംസാരിച്ചു.
ശ്രീ നാരായണമഠത്തിന് നേരെ നടന്ന ആക്രമണത്തിൽ എസ്.എൻ.ഡി.പി യോഗം ചെറുവാഞ്ചേരി ശാഖ പ്രതിഷേധിച്ചു. പ്രസിഡന്റ് പൂവത്താൻ വത്സൻ സെക്രട്ടറി കെ. കൃഷ്ണൻ, കെ. ധനജൻ, കെ.ബാബു, പി.രവി എന്നിവർ സംസാരിച്ചു.