പത്തനംതിട്ട : കൊവിഡിന്റെ അതിപ്രസരത്തിൽ പെട്ടുപോയത് ഓണം വിപണിയാണ്. 2018ലെ മഹാപ്രളയത്തേക്കാൾ വലിയ നഷ്ടം ഇത്തവണ ഉണ്ടായെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. സപ്ലൈകോയിലും ഫലം വിഭിന്നമല്ല.
കൺസ്യൂമർഫെഡ് സഹായത്തോടെ നടന്ന സഹകരണ മാർക്കറ്റുകളിൽ സബ്സിഡി ഉൽപന്നങ്ങൾക്കും കിറ്റുകൾക്കും മാത്രമാണ് ഉപഭോക്താക്കളെത്തിയത്. റേഷൻ കടകളിലൂടെയുള്ള സൗജന്യക്കിറ്റും അരി വിതരണമൊക്കെ മറ്റു വ്യാപാര കേന്ദ്രങ്ങളെ സാരമായി ബാധിച്ചു. റേഷൻ അരിയുടെ വിതരണം സുഗമമായി നടക്കുന്നതും ഓണക്കിറ്റ് അടക്കം സൗജന്യമായി ലഭിച്ചതും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലേക്ക് എത്തുന്നവരുടെ എണ്ണം കുറച്ചു.
കർഷകരെ സംബന്ധിച്ചിടത്തോളം ഇത്തവണ ന്യായവില ഉറപ്പാക്കാനായത് നേട്ടമായി. കാർഷിക വിപണികളുടെ എണ്ണംകൂട്ടി നാടൻ ഉൽപന്നങ്ങൾ ശേഖരിച്ച് വില്പന നടത്താനായി. കർഷകരിൽ നിന്ന് കൃഷിവകുപ്പ് നേരിട്ട് സംഭരിക്കുകയും അവ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന 77 വിപണികൾ ജില്ലയിൽ പ്രവർത്തിച്ചു. ഏത്തക്കുല ഉൾപ്പെടെയുള്ളവയ്ക്ക് ന്യായവില ഉറപ്പാക്കാൻ ഇതു സഹായകരമായി. ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ കാർഷിക ഉൽപന്നങ്ങളും വിപണിയിലെത്തിച്ചിരുന്നു. ഏത്തക്കായയ്ക്ക് കിലോഗ്രാമിന് 60 രൂപ കർഷകർക്കു ലഭ്യമാക്കാൻ കൃഷിവകുപ്പ് സഹായിച്ചു. ഇതാദ്യമായാണ് ഇത്രയധികം വിപണന, സംഭരണകേന്ദ്രങ്ങൾ ജില്ലയിൽ ഒന്നിച്ചു പ്രവർത്തിച്ചത്.
2018 മുതൽ വ്യാപാരികൾ പ്രതിസന്ധിയിലാണ്. പ്രളയം, കൊവിഡ് തുടങ്ങി മൂന്ന് വർഷം തുടർച്ചയായി വലിയ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായത്. കൊവിഡിൽ പലരും ഓൺലൈൻ വ്യാപാരത്തിലേക്ക് മാറിയത് കച്ചവട സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി. ആളുകളും വിപണിയിൽ ഇറങ്ങുന്നില്ല. പുറത്ത് നിന്നുള്ള സാധനങ്ങളുടെ വരവും കുറഞ്ഞു. ഇത്തവണ സാധനങ്ങൾക്ക് വലിയ വില കൂടിയിട്ടില്ല. വാഴക്കുലയ്ക്ക് കഴിഞ്ഞ വർഷം 80 രൂപ വരെ ആയത് ഇത്തവണ 60 ൽ നിന്നു. "
അബ്ദുൾ റഹിം മാക്കാർ
(വ്യാപാരി വ്യവസായി സമിതി
ജില്ലാ വൈസ് പ്രസിഡന്റ്)