ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൻറ്റെ കുതിരപ്പന്തി ഭാഗത്തെ അവസാന ഘട്ട കോൺക്രീറ്റിംഗ് പ്രവൃത്തിയും പൂർത്തിയായതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
അടുത്തഘട്ടമായി ഇന്ന് ഫ്ളൈ ഓവറിലെ 2.8 കി.മീറ്റർ ദൂരത്തിൽ മാസ്റ്റിക് അസ്വാൾട്ട് എന്ന പ്രവൃത്തി ആരംഭിക്കും. കോൺക്രീറ്റിംഗും ടാറും തമ്മിൽ കൃത്യമായ ബോണ്ടിംഗ് ഉണ്ടാകുന്നതിന് വേണ്ടി ഉപരിതലം ഒരുക്കുന്ന പ്രവൃത്തിയാണിത്. 12.2 സെൻറീമീറ്റർ കനത്തിലാണ് ഇത് ചെയ്യുന്നത്.
പ്രത്യേക പരിശീലനം ലഭിച്ച 23 തൊഴിലാളികൾ തമിഴ്നാട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പ് തന്നെ എത്തിയിരുന്നു. ഇവർ 2 ആഴ്ച ക്വാറന്റൈനിലായിരുന്നു. മഴയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടായില്ലെങ്കിൽ 30 ദിവസത്തിനകം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയും.
ഏപ്രിൽ 13നാണ് ആദ്യ റെയിൽവേ ഓവർ ബ്രിഡ്ജിന്റെ കോൺക്രീറ്റിംഗ് പ്രവൃത്തി ആരംഭിച്ചത്. പിന്നീട് കുതിരപ്പന്തി ഭാഗത്തെ രണ്ടാമത്തെ ആർ.ഒ.ബി സ്ഥാപിക്കാൻ റെയിൽവേയുടെ അനുവാദം ഉടൻ ലഭിക്കാത്തതിനെ തുടർന്ന് കുറച്ച് കാലതാമസം ഉണ്ടായി. തുടർന്ന് ജൂൺ 20 ന് രണ്ടാമത്തെ ആർ.ഒ.ബി സ്ഥാപിക്കാനും അനുവാദം ലഭിച്ചു. ശേഷമുള്ള കോൺക്രീറ്റിംഗ് പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.