SignIn
Kerala Kaumudi Online
Thursday, 25 February 2021 8.12 AM IST

കപ്പിനും ചുണ്ടിനുമിടയിൽ വഴുതി മാറിയ പ്രധാനമന്ത്രിപദം

pranab-mukharjee

ഗാന്ധി കുടുംബത്തിന് വെളിയിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദവും പാർട്ടി നേതൃത്വവുമൊക്കെ ഏറ്റെടുക്കാൻ പ്രാപ്‌തിയുള്ള മികച്ച രാഷ്‌ട്രീയക്കാരനായിരുന്നു പ്രണബ് മുഖർജി. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വലംകൈയായി പാർട്ടിയിൽ സ്വാധീനമുറപ്പിച്ച ദാദ മനസുകൊണ്ട് ആഗ്രഹിച്ച പ്രധാനമന്ത്രി പദം പലപ്പോഴും കപ്പിനും ചുണ്ടിനുമിടയിൽ വഴുതിപ്പോയി. ഒടുവിൽ ഭരണഘടനാ പദവികൾ നൽകി ഒതുക്കുന്ന പതിവ് തന്ത്രത്തിന് വിധേയനായി രാഷ്‌ട്രീയം വെടിഞ്ഞു.

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുംകൊല്ലപ്പെട്ടപ്പെട്ടതിനെ തുടർന്ന് പാർട്ടിയിലുണ്ടായ വിടവ് നികത്താൻ പ്രണബ് വരുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്. ജവഹർലാൽ നെഹ്‌റുവും ലാൽ ബഹാദൂർ ശാസ്‌ത്രിയും മരിച്ചപ്പോൾ മന്ത്രിസഭയിലെ സീനിയർ ആയ ഗുൽസാരിലാൽ നന്ദ ഇടക്കാല പ്രധാനമന്ത്രിയായതാണ് കീഴ്‌വഴക്കം. പക്ഷേ ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ച സമയത്ത് പാർട്ടിയിലെ ചില ഉന്നതർ അദ്ദേഹത്തെ മാറ്റി നിറുത്തി.പ്രധാനന്ത്രി പദം ആഗ്രഹിച്ചു നടക്കുകയാണെന്ന് ചിലർ ഏഷണി പറഞ്ഞ് രാജീവുമായുള്ള നല്ല ബന്ധം ഇല്ലാതാക്കിയെന്ന് തന്റെ ആത്‌മകഥയിൽ പ്രണബ് പറയുന്നുണ്ട്. രാജീവിന്റെ അനുയായികളായി മാറിയ അരുൺ സിംഗ്, അരുൺ നെഹ്‌റു തുടങ്ങിയവരാണ് അതിനു പിന്നിൽ പ്രവർത്തിച്ചതെന്ന സൂചനയും അദ്ദേഹം നൽകി. പക്ഷേ ഇന്ദിരാഗാന്ധി മരിക്കുമ്പോൾ കൽക്കത്തയിലായിരുന്ന രാജീവിനൊപ്പം ഡൽഹിയിലേക്കുള്ള വിമാനത്തിൽ വച്ച് പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത് താനാണെന്ന് അദ്ദേഹം ആത്മകഥയിൽ പറയുന്നു.

രാജീവിന്റെ ചുറ്റുമുള്ള കോക്കസിന്റെ ഉപദ്രവംമൂലമാണ് കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചത്. അതു പക്ഷേ ക്ളിക്കായില്ല. മൂന്നു വർഷത്തിനു ശേഷം തിരികെ വന്നപ്പോഴും പഴയതുപോലെ പാർട്ടിയിൽ ശക്തനായി മാറാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായില്ല. രാജീവ് മരിച്ച ശേഷം നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷനായി. പിന്നാലെ വിദേശകാര്യ മന്ത്രി പദത്തിലുമെത്തി.

രാജീവിന്റെ കാലശേഷം സോണിയാ ഗാന്ധിയുടെ അടുപ്പക്കാരനായി മാറിയ പ്രണബ് അവരെ കോൺഗ്രസ് അദ്ധ്യക്ഷയാക്കിയതിൽ നിർണായക പങ്കുവച്ചിരുന്നു. ഇതിനുള്ള നന്ദി സൂചകമായി 2004ൽ വിദേശ പൗരത്വ വിഷയത്തിൽ മാറി നിൽക്കേണ്ടി വന്ന സോണിയ പ്രധാനമന്ത്രിയായി തന്റെ പേര് നിർദ്ദേശിക്കുമെന്ന് പ്രതീക്ഷിച്ചു. അവിടെയും നിർഭാഗ്യം പിടികൂടി. ഇന്ദിരയുടെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന സമയത്ത് താൻ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ച ആൾ-ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രി പദത്തിലേക്ക് വരുന്നത് വിഷമത്തോടെ കണ്ടു നിൽക്കേണ്ടി വന്നു. മൻമോഹൻസിംഗിനെ നിയോഗിച്ച് നിയന്ത്രണം തന്റെ കൈയിൽ നിലനിറുത്താൻ ആഗ്രഹിച്ച സോണിയ മുതിർന്ന നേതാവായ പ്രണബിന് അവസരം നൽകിയില്ല. പക്ഷേ മൻമോഹൻ സിംഗുമായി നല്ല ബന്ധമായിരുന്നുവെന്നും ഭരണപരിചയമില്ലാത്തതിനാൽ തന്നോടാണ് ഉപദേശങ്ങൾ തേടിയതെന്നും പ്രണബ് പറയുമായിരുന്നു.

യു.പി.എ സർക്കാരിൽ പ്രധാനമന്ത്രിക്ക് ശേഷം രണ്ടാമനായി ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ പ്രമുഖ വകുപ്പുകൾ കയ്യാളിയ പ്രണബിന് മുംബയ് ആക്രമണത്തെ തുടർന്ന് ശി‌വ്‌രാജ് പാട്ടീൽ രാജിവച്ച ഒഴിവിൽ ആഭ്യന്തരം വകുപ്പിൽ താത്പര്യമുണ്ടായിരുന്നു. സോണിയയോട് അക്കാര്യം പറഞ്ഞെങ്കിലും മൻമോഹൻസിംഗിന് പി. ചിദംബരത്തെ നിയമിക്കാനായിരുന്നു താത്‌പര്യം.

2012 ജൂണിൽ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾ സജീവമായ സമയത്തും പ്രണബ് പ്രധാനമന്ത്രി പദം പ്രതീക്ഷിച്ചു. ആദ്യ ചർച്ചകളിൽ പ്രണബിന്റെ പേര് ഉയർന്നു വന്നപ്പോൾ അദ്ദേഹത്തിന് പാർട്ടിയിൽ ചില നിർണായക ജോലികളുണ്ടെന്നും പകരം ഒരാളെ നിർദ്ദേശിക്കാനും സോണിയ ആവശ്യപ്പെട്ടെന്നും തന്റെആത്മകഥയുടെ 'മുന്നണി വർഷങ്ങൾ 1996-2012' എന്ന ഭാഗത്ത് പ്രണബ് മുഖർജി വിവരിക്കുന്നുണ്ട്. മൻമോഹൻസിംഗിനെ രാഷ്‌ട്രപതിയാക്കി തന്നെ പ്രധാനമന്ത്രിയാക്കാൻ സോണിയ ആവശ്യപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. 2007ൽ സി.പി.എം പ്രണബിനെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചപ്പോൾ സർക്കാരിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്ന് സോണിയ പറഞ്ഞിരുന്നു.

എന്നാൽ തൃണമൂൽ, സമാജ്‌വാദി തുടങ്ങിയ പാർട്ടികൾ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി, മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുൾ കലാം, മുൻ ലോക്‌സഭാ സ്‌പീക്കർ സോംനാഥ് ചാറ്റർജി തുടങ്ങിയവരുടെ പേരുകൾ എടുത്തിട്ടതോടെ കോൺഗ്രസിന് ശക്തനായ സ്ഥാനാർത്ഥിയെ നിർദ്ദേശിക്കേണ്ടി വന്നു. അങ്ങനെയാണ് പൊതു സ്ഥാനാർത്ഥിയായി പ്രണബ് മുഖർജിയുടെ പേര് നിർദ്ദേശിക്കപ്പെട്ടതും 13-ാം രാഷ്‌ട്രപതിയായതും. അതോടെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതത്തിനും തിരശ്‌ശീല വീണു. പ്രധാനമന്ത്രി പദ സ്വപ്‌നങ്ങളും കൊഴിഞ്ഞു.

നാലു പതിറ്റാണ്ടു നീണ്ട തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ നിർണായക മുഹൂർത്തങ്ങൾ വിവരിക്കുന്ന ആത്മകഥ മൂന്നു ഭാഗമായാണ് പ്രണബ് മുഖർജി പുറത്തിറക്കിയത്. ഇന്ദിരാഗാന്ധിയുടെ കാലഘട്ടം വിവരിക്കുന്ന 'ദി ഡ്രാമാറ്റിക് ഡെക്കേഡ്', ഇന്ദിരയുടെയും രാജീവിന്റെയും വധം നടന്ന 1980-96 കാലം വിവരിക്കുന്ന 'ദി ടർബുലന്റ് ഇയേഴ്സ്, താൻ രാഷ്‌ട്രപതിയാകും വരെ നീണ്ട യു.പി.എ കാലത്തെക്കുറിച്ചുള്ള ദി കൊയാലിഷൻ ഇയേഴ്സ്:1996-2012 എന്നിവയാണത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PRANAB MUGHARJI
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.