മലയാലപ്പുഴ: വനത്തിലെ അതുബുംവള്ളിയിലെ ഊഞ്ഞാൽ ഇന്ന് മലയോരത്തെ ഓണത്തിന്റെ ഓർമ്മയായി ശേഷിക്കുന്നു. അതുമ്പും വള്ളിയിൽ ഊഞ്ഞാൽ ഇട്ട് ഒറ്റയ്ക്കും പെട്ടയ്ക്കും ആടി തിമർക്കുന്ന കാഴ്ചകൾ ഒാർമ്മകളിൽ മാത്രം ഒതുങ്ങി. ഓണത്തിന് ഒരാഴ്ച മുൻപേ മുൻകാലങ്ങളിൽ മലയോര ഗ്രാമങ്ങളിൽ പതിവായിരുന്നു ഇൗ ഉൗഞ്ഞാലാട്ടം. ഉൾവനങ്ങളിൽ കയറി അതുബുംവള്ളി ശേഖരിക്കുന്നതാണ് ആദ്യ പണി. വനത്തിൽ ദൂരെ അതുബ് പൂത്തു കിടക്കുന്നത് ലക്ഷ്യമാക്കിയാണ് സംഘങ്ങളുടെ യാത്ര, കാട്ടുമരങ്ങളിൽ പടർന്നു കിടക്കുന്ന വള്ളിതേടി പലരുമെത്തും. ചിലർ കണ്ടുവച്ച വള്ളി മറ്റു ചിലർ മുറിച്ച് കടത്തിയെന്നും വരും. അതുബുംവള്ളിയുടെ ബലവും അതിന്റെ വിശ്വാസവുമാണ് ഊഞ്ഞാലിടാനായി ഉപയോഗിക്കുന്നത്. കാട്ടിൽ നിന്ന് കൊണ്ടുവരുന്ന വള്ളി ചതച്ച് പാകപ്പെടുത്തിയാണ് മരത്തിന്റെ ശിഖരങ്ങളിൽ കെട്ടുന്നത്. ഊഞ്ഞാലാടാൻ കൊതിച്ചവരും ആടിക്കാതെ പറഞ്ഞ് വിടുന്നവരും പഴയ ഊഞ്ഞാൽ കഥകളിൽ പതിവാണ്. ഓണം കഴിഞ്ഞാൻ ഊഞ്ഞാൽ മുറിച്ച് മാറ്റും. കിളിത്തട്ട്, നാടൻ പന്തുകളി, വടംവലി, തുമ്പിതുള്ളൽ, പുലികളി എന്നിങ്ങനെയുള്ള ഒാണക്കളികൾക്കൊപ്പം അതുംബുംവള്ളിയിലെ ഉൗഞ്ഞാലും അപ്രത്യക്ഷമായിരിക്കുകയാണ്.